പൂനെ: പ്രിയങ്ക ഗാന്ധി തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കുട്ടിക്കാലത്ത് തമ്മില്‍ തര്‍ക്കങ്ങളുണ്ടാകാറുണ്ടെങ്കിലും ഇപ്പോള്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും രാഹുല്‍ പറഞ്ഞു. പൂനെയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രിയങ്ക ഗാന്ധിയുമായി എന്നെങ്കിലും തര്‍ക്കങ്ങളോ വാഗ്വാദങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രാഹുല്‍. സഹോദരിയാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ഇരുവര്‍ക്കും പരസ്പരം നന്നായി മനസ്സിലാക്കാന്‍ സാധിക്കും. തര്‍ക്കിക്കുന്നതിനോ വാദപ്രതിവാദത്തിനോ ഉള്ള സാഹചര്യം അഥവാ ഉണ്ടാകുകയാണെങ്കില്‍ തന്നെ താനോ, പ്രിയങ്കയോ അതില്‍നിന്ന് പിന്മാറും. ജീവിതത്തിലുടനീളം ഇരുവരും ഒരുമിച്ചുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു.


