ലിയോണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ, പ്രതിയായ റിപ്പോർട്ടർ ടി വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. നിലവിൽ ചോദ്യം ചെയ്യൽ മാത്രമാണ് ലക്ഷ്യമെന്നും അറസ്റ്റ് ആലോചിച്ചിട്ടില്ലെന്നും പോലീസ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേസിൽ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിൻ. റെയ്ഡിന് പിന്നാലെ ആന്റോയേ ചോദ്യം ചെയ്യാൻ എസ്ഐടി തയ്യാറെടുക്കുന്നതിനിടയിലാണ് മുൻകൂർ ജാമ്യപേക്ഷയുമായി കോടതിയെ സമീപിച്ചത്. അതിനിടെ പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്ത ഡോളർ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ആന്റോ കോടതിയെ സമീപിച്ചിട്ടുണ്ട്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയിൽ എസ്.ഐ.ടി പരിശോധനയിലാണ് 6300 ഡോളർ പിടികൂടിയിരുന്നത്. വ്യക്തിക്ക് കൈവശം വയ്ക്കാവുന്നതിലും അധികമാണ് ഈ തുക.
പിടിച്ചെടുത്ത ഡോളർ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. എന്നാൽ ഡോളർ തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് ആന്റോ അഗസ്റ്റിൻ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. ഡോളറുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണെന്നാണ് പോലീസിന്റെ നിലപാട്. ഇ.ഡിക്കും ഇൻകം ടാക്സിനും നിലവിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഡോളറിന്റെ സ്രോതസ്സ് അന്വേഷിച്ചു വരികയാണെന്നും പോലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

