ദില്ലി: പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്ഷെ മുഹമ്മദ് തലവനുമായ മസൂദ് അസർ, ലഷ്കർ ഇ ത്വയ്യിബ നേതാവ് ഹാഫിസ് സയ്യിദ്, സാക്കിയുർ റഹ്മാൻ ലഖ്വി, 1993-ലെ മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരനും അധോലോക നേതാവുമായ ദാവൂദ് ഇബ്രാഹിം എന്നിവരെ കേന്ദ്രസർക്കാർ ഭീകരരായി പ്രഖ്യാപിച്ചു.
പാർലമെന്റ് കഴിഞ്ഞ ജൂലൈയിൽ പാസ്സാക്കിയ യുഎപിഎ നിയമഭേദഗതി അനുസരിച്ച് വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാമെന്ന ചട്ടപ്രകാരമാണ് കേന്ദ്രസർക്കാരിന്റെ നടപടി. ഭീകരസംഘടനകളുമായി ശക്തമായ ബന്ധമുള്ളതിന് തെളിവുകൾ ലഭിച്ചാൽ എൻഐഎയ്ക്ക് വ്യക്തികളുടെ സ്വത്ത് പിടിച്ചെടുക്കാനും ഭീകരരായി പ്രഖ്യാപിക്കാനുമുള്ള അനുവാദം നൽകുന്നതാണ് നിയമഭേദഗതി. ഇതിന് സംസ്ഥാന പൊലീസിന്റെ അനുമതി എൻഐഎയ്ക്ക് തേടേണ്ടതില്ല.
അസറിന്റെ നേതൃത്വത്തിലാണ് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് 2001-ൽ ഇന്ത്യയുടെ പാർലമെന്റ് മന്ദിരത്തിൽ ആക്രമണം നടത്തിയത്. അതേ ജയ്ഷാണ് ഈ വർഷം ജനുവരിയിൽ നടന്ന പുൽവാമ ഭീകരാക്രമണത്തിന്റെയും സൂത്രധാരർ. പുൽവാമയിൽ കാർ ഇടിച്ചു കയറ്റി ചാവേർ പൊട്ടിത്തെറിച്ചപ്പോൾ കൊല്ലപ്പെട്ടത് 40 ജവാൻമാരാണ്. മസൂദ് അസറിനെ ആഗോള ഭീകരവാദിയായി യുഎൻ സുരക്ഷാ സമിതി 2019 മെയ് 1-ന് പ്രഖ്യാപിച്ചിരുന്നു.


