ന്യൂഡൽഹി: ലോകത്തെയാകെ ഞെട്ടിച്ച വിമാനദുരന്തമായിരുന്നു കഴിഞ്ഞ ജൂൺ 12ന് അഹമ്മദാബാദിലുണ്ടായത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കമുള്ള യാത്രക്കാരും പൈലറ്റും മറ്റ് ജീവനക്കാരുമുൾപ്പെടെ 241 ജീവനുകൾ പൊലിഞ്ഞ ആ മഹാദുരന്തത്തിൽ അത്യത്ഭുതകരമായി ഒരാൾ രക്ഷപെട്ടത് നമുക്കോർമയുണ്ട്. തകർന്നുവീണ വിമാനത്തിൽനിന്ന് തെറിച്ചുവീണിടത്തു നിന്നും എഴുന്നേറ്റ് നടന്നു നീങ്ങിയ ഇന്ത്യൻ വംശജനും ബ്രിട്ടീഷ് പൗരനുമായ വിശ്വാഷ്കുമാർ രമേശ്… ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ബ്രിട്ടനിലെ ലെസ്റ്ററിലെ വീട്ടിലേക്ക് തിരിച്ചെത്തിയ രമേശ് ഇപ്പോഴും ആ ദുരന്തം സൃഷ്ടിച്ച ശാരീരിക- മാനസികാഘാതത്തിൽ നിന്നും മോചിതനായിട്ടില്ല.
ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ താൻ ഒറ്റക്കാണ് കഴിയുന്നതെന്നും ഭാര്യയോടും മകനോടും സംസാരിക്കുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ബ്രിട്ടീഷ് പൗരനായ വിശ്വാസ്, ഏതാനും സീറ്റുകൾ അകലെയായിരുന്ന ഇളയ സഹോദരൻ അജയ് അപകടത്തിൽ മരിച്ചപ്പോൾ താൻ മാത്രം രക്ഷപ്പെട്ടതിന്റെ കഠിനമായ വേദന പങ്കുവെച്ചു. “ഞാൻ മാത്രമാണ് രക്ഷപ്പെട്ടത്. ഇപ്പോഴും എനിക്കത് വിശ്വസിക്കാൻ കഴിയുന്നില്ല. അതൊരു അത്ഭുതമാണ്,” അദ്ദേഹം പറഞ്ഞു. സഹോദരന്റെ വേർപാട് അദ്ദേഹത്തിൽ വലിയൊരു ശൂന്യതയാണ് അവശേഷിപ്പിച്ചത്. “എനിക്ക് എന്റെ സഹോദരനെ നഷ്ടപ്പെട്ടു. അവൻ എനമ്റെ നട്ടെല്ലായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവൻ എപ്പോഴും എന്നെ പിന്തുണച്ചു. “ഇപ്പോൾ ഞാൻ ഒറ്റക്കാണ്. ഞാൻ റൂമിൽ ഒറ്റക്കിരിക്കുന്നു, ഭാര്യയോടും മകനോടും സംസാരിക്കുന്നില്ല. എന്റെ വീട്ടിൽ ഒറ്റക്കിരിക്കാനാണ് എനിക്കിഷ്ടം,” വിശ്വാസ് കൂട്ടിച്ചേർത്തു.
രമേശിന് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. തനിക്കും കുടുംബത്തിനും ഇതുവരെ ആ ദുരന്തവുമായി പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും ഇളയ സഹോദരൻ തങ്ങളുടെ കൂടെയില്ലാത്തത് വിഷമം ഏറ്റുന്നതാണെന്നും അദ്ദേഹം പറഞ്ഞു.


