ന്യൂഡല്‍ഹി: വ്യാജ സര്‍വകലാശാലയില്‍ പ്രവേശനം നേടിയതിന്റെ പേരില്‍ യുഎസില്‍ 129 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ഇതില്‍ മലയാളികളും ഉണ്ടെന്നാണു സൂചന. ഭൂരിഭാഗവും ആന്ധ്ര, തെലങ്കാന സ്വദേശികളാണ്. യുഎസ് നടപടിയില്‍ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഡല്‍ഹിയിലുള്ള യുഎസ് എംബസിയെ ഒൗദ്യോഗികമായി പ്രതിഷേധമറിയിച്ച (ഡെയ്മാഷ്) ഇന്ത്യ, നയതന്ത്ര – രാഷ്ട്രീയതലത്തില്‍ പ്രശ്നപരിഹാരത്തിനു നീക്കമാരംഭിച്ചു.
വ്യാജ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളായി പ്രവേശനം നേടുകയും അതിന്റെ മറവില്‍ അനധികൃതമായി ജോലി ചെയ്യുകയും ചെയ്തുവെന്ന കുറ്റത്തിനു മിഷിഗണിലെ ഡെട്രോയിറ്റിലുള്ള ഫാമിങ്ടന്‍ സര്‍വകലാശാലയിലെ 130 വിദ്യാര്‍ഥികളെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാളൊഴികെ എല്ലാവരും ഇന്ത്യക്കാരാണ്. ന്യൂജഴ്സി, അറ്റ്ലാന്റ, ഹൂസ്റ്റണ്‍, മിഷിഗണ്‍, കലിഫോര്‍ണിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളെ പലയിടങ്ങളിലായി പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ റേഡിയോ ഫ്രീക്വന്‍സി ടാഗുകള്‍ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുണ്ടെന്നാണു വിവരം. സര്‍വകലാശാല വ്യാജമാണെന്ന് അറിഞ്ഞിട്ടും വിദ്യാര്‍ഥികള്‍ മനഃപൂര്‍വം തട്ടിപ്പു നടത്തിയെന്നാണ് യുഎസ് അധികൃതരുടെ നിലപാട്. എന്നാല്‍, ജോലി ചെയ്യാന്‍ അവസരം നല്കി വിദ്യാര്‍ഥികളെ സര്‍വകലാശാല കുടുക്കുകയായിരുന്നവെന്ന് ഇന്ത്യന്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

