പാര്‍ലമെന്റില്‍ പരമശിവന്റെ ചിത്രം ഉയര്‍ത്തി രാഹുല്‍ ഗാന്ധി. തൃശൂലം ഹിംസയുടെ ചിഹ്നമല്ല. കോൺഗ്രസിന്റെ ചിഹ്നം ശിവന്റെ അഭയമുദ്രയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.ഗുരു നാനാക്കിന്റെ ചിത്രവും ഇസ്ലാം മത ചിഹ്നവും രാഹുൽ ലോക്സഭയിൽ പ്രദർശിപ്പിച്ചു. അതേസമയം, പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയതിനെ സ്പീക്കർ എതിർത്തു. ചില നേതാക്കള്‍ ഇപ്പോഴും ജയിലിലാണ്. അധികാരത്തിന്റെയും സമ്പത്തിന്റെയും വികേന്ദ്രീകരണത്തെ എതിര്‍ത്തവരും ദരിദ്രരും ദലിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെട്ടു.
ബിജെപിയുടെ ആശയത്തെ എതിർക്കുന്നവരെ മുഴുവൻ ആക്രമിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഭരണഘടനയ്ക്കെതിരെ തുടർച്ചയായ ആക്രമണമുണ്ടായി.പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം നല്കിയ സര്‍ക്കാര്‍ ഉത്തരവില്‍ ഞാനും ആക്രമിക്കപ്പെട്ടു. അതില്‍ ഏറ്റവും ആസ്വാദ്യകരമായത് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ 55 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ ആയിരുന്നുവെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.അയോധ്യയെന്ന് പറഞ്ഞപ്പോൾ മൈക്ക് ഓഫ് ചെയ്തെന്നും മൈക്കിന്റെ നിയന്ത്രണം ആരുടെ കയ്യിലാണെന്നും സ്പീക്കറിനോട് രാഹുൽ ചോദിച്ചു. എന്നാൽ മൈക്ക് ഓഫ് ചെയ്തിട്ടില്ലെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം.


