പുനെയിൽ മദ്യപിച്ച് ആഡംബര വാഹനമോടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 17കാരന്റെ അമ്മയും അറസ്റ്റിൽ. അപകടം നടക്കുന്ന സമയത്ത് മകന് മദ്യപിച്ചില്ലെന്ന് വരുത്തി തീര്‍ക്കുന്നതിനായി അമ്മ രക്ത സാമ്പിളുകള്‍ മാറ്റിയെന്ന് പൊലീസ് കണ്ടെത്തി.രക്ത സാംപിളിൽ കൃത്രിമം നടത്തിയതിനും തെളിവ് നശിപ്പിച്ചതിനുമാണ് പതിനേഴുകാരന്റെ അമ്മ അറസ്റ്റിലായത്. കുറ്റമേൽക്കാൻ കുടുംബ ഡ്രൈവറെ നിർബന്ധിച്ചെന്ന പരാതിയിൽ പ്രതിയുടെ അച്ഛനെയും മുത്തച്ഛനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മെയ് 19 ന് പൂനെയിലെ കല്യാണി നഗറില്‍ മദ്യപിച്ചെത്തിയ പതിനേഴുകാരൻ ഓടിച്ച പോര്‍ഷെ കാര്‍ ഇരുചക്രവാഹനത്തില്‍ ഇടിച്ച് രണ്ട് എഞ്ചിനീയർമാർ കൊല്ലപ്പെട്ടിരുന്നു.മെയ് 19നാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കുന്നതിന് മുൻപ് ബാറിൽ നിന്ന് മദ്യപിച്ച 17കാരന്റെ രക്ത സാംപിളിൽ മദ്യത്തിന്റെ അംശമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട് വന്നതോടെ പൊലീസിനെതിരെ വലിയ രീതിയിലാണ് വിമർശനം ഉയർന്നത്. പ്രതിയുടെ അച്ഛനിൽ നിന്ന് മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങി ചീഫ് മെഡിക്കൽ ഓഫിസറും ഫൊറൻസിക് മേധാവിയും ചേർന്നാണ് രക്ത സാംപിളിൽ കൃത്രിമം നടത്തിയത്.സർക്കാർ നടത്തുന്ന സസൂൺ ഹോസ്പിറ്റലിൽ 17 കാരൻ്റെ മെഡിക്കൽ പരിശോധനയിലും ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ട്.


