മുംബൈ: ഹണിമൂണ്‍ ആഘോഷത്തിനിടെ കോട്ടയുടെ മുകളില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച നവവധു കൊക്കയിലേക്ക് വീണ് മരിച്ചു. പൂനെ സ്വദേശിയായ ശുഭാംഗി പട്ടേലാ(24)ണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് സെല്‍ഫി എടുക്കുന്നതിനിടെ പ്രബല്‍ഗഡ് കോട്ടയുടെ മുകളില്‍ നിന്ന് 200 അടി താഴ്ചയിലേക്ക് തെന്നിവീഴുകയായിരുന്നു. പൂനെയിലെ ദത്തവാഡി സ്വദേശിയാണ് ശുഭാംഗി. ഡിസംബര്‍ എട്ടിനാണ് ശുഭാംഗിയും സോഫ്റ്റ്വെയര് എന്‍ജിനീയറായ വിനായക് പട്ടേലും വിവാഹിതരായത്.
ബുധനാഴ്ച ഹണിമൂണിനായി ലോണാവാലയിലേക്ക് പുറപ്പെട്ട ഇവര്‍ വ്യാഴാഴ്ച രാവിലെ മച്ചി പ്രബല്‍ഗഡ് കോട്ടയിലേക്ക് ട്രെക്കിംഗിനായി പോയി. ഉച്ചയ്ക്ക് 2.30ന് കോട്ടയുടെ മുകളില്‍ എത്തിയ ശേഷം, ശിവാംഗി മലയിടുക്കിന്റെ അരികില്‍ നില്ക്കുമ്പോള് സെല്‍ഫി എടുക്കാന്‍ തുടങ്ങി. ഈ സമയത്ത് അബദ്ധത്തില്‍ കാല് വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നെന്ന് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു.