തൃശൂര്‍: അതിരപ്പിള്ളി മലക്കപ്പാറ ആദിവാസി ഊരില്‍ വയോധിക പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം വാര്‍ത്തയായതിന് പിന്നാലെ ജില്ലാ ട്രൈബര്‍ ഓഫീസറോട് സ്ഥലത്തെത്താന്‍ കളക്ടര്‍ വി.ആര്.കൃഷ്ണതേജ നിര്‍ദേശം നല്കി.
ഇവരെ ഊരില്‍നിന്ന് പുറത്തെത്തിച്ച് ആവശ്യമായ ചികിത്സ നല്‍കാനും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വീരന്‍കുടി ഊരിലെ കമലമ്മ പാട്ടിയാണ് രോഗാസ്ഥയെ തുടര്‍ന്ന് അവശനിലയിലായത്. ദീര്‍ഘകാലം കിടപ്പിലായതിനെ തുടര്‍ന്നാണ് ഇവരുടെ ശരീരത്തില്‍ വ്രണങ്ങളുണ്ടായതെന്നാണ് വിവരം. ഊരിലെത്തി ചികിത്സ നല്കാന് ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റിനോടും ആരോഗ്യവകുപ്പിനോടും ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് ഊര് നിവാസികള്‍ പരാതി ഉന്നയിച്ചിരുന്നു.
മൊബൈല്‍ ടവറിന് റേഞ്ച് പോലുമില്ലാത്ത പ്രദേശമായതിനാല്‍ ഏറെ കഷ്ടപ്പെട്ടാണ് അധികൃതരെ വിവരമറിയിച്ചത്. എന്നിട്ടും നടപടിയുണ്ടാ യില്ലെന്നായിരുന്നു ഊര് നിവാസികളുടെ ആരോപണം.
അതേസമയം കമലമ്മ കിടപ്പിലായ വിവരം നേരത്തേ അറിഞ്ഞിരുന്നെന്നും എന്നാല്‍ വാര്‍ദ്ധക്യസഹജമായ അസുഖമായതിനാല്‍ കാര്യമായി എടുക്കേണ്ടെന്നാണ് ബന്ധുക്കള്‍ അറിയിച്ചതെന്നുമാണ് ട്രൈബര്‍ ഓഫീസറുടെ വിശദീകരണം.


