തൃശൂര്‍: ചാലക്കുടിയില്‍ പോലീസ് ജീപ്പ് അടിച്ചുതകര്‍ത്ത ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലൻ പിടിയിലായി. ഒല്ലൂരില്‍ സുഹൃത്തിന്റെ വീട്ടില്‍ താമസിക്കവേയാണ് ഇയാള്‍ പിടിയിലായത്.ഇയാളെ ഉടൻ ചാലക്കുടിയിലേക്ക് കൊണ്ടുവരും. ഇതിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോലീസിനെതിരെ ചാലക്കുടിയില്‍ പ്രകടനം നടത്തി.
സര്‍ക്കാര്‍ ഐടിഐയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണ് വെള്ളിയാഴ്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പോലീസ്ജീപ്പ് അടിച്ചുതകര്‍ത്തത്. ഇതിനു പിന്നാലെ ആക്രമണത്തിനു നേതൃത്വം നല്കിയ ഡിവൈഎഫ്ഐ ഏരിയാ സെക്രട്ടറി നിധിന് പുല്ലനെ പ്രവര്‍ത്തകരുടെ എതിര്‍പ്പിനിടെ ബലം പ്രയോഗിച്ച് പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും, സിപിഎം ചാലക്കുടി ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോചിപ്പിച്ച് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.


