തൃശൂര്‍: സപ്ലൈകോയുടെ ക്രിസ്മസ് പുതുവത്സര വിപണിയിലും അവശ്യസാധനങ്ങളില്ല. പേരിന് ഒന്നോ രണ്ടോ സാധനങ്ങള്‍ മാത്രമാണ് പലയിടത്തുമുള്ളത്.
ഭൂരിപക്ഷം സബ്സിഡി സാധനങ്ങളും ഇല്ലാത്തതിനാല്‍ തൃശൂരില്‍ സപ്ലൈകോയുടെ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി.
സാധനം വാങ്ങാനെത്തിയവര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങിനെത്തിയ തൃശൂര്‍ എംഎല്‍എ പി.ബാലചന്ദ്രനും മേയര്‍ എം.കെ.വര്‍ഗീസും ഉദ്ഘാടനം നിര്‍വഹിക്കാതെ മടങ്ങിപ്പോവുകയായിരുന്നു.
ചടങ്ങ് തുടങ്ങും മുമ്ബ് ക്യൂ നിന്നവര്‍ക്ക് സാധനങ്ങള്‍ കൊടുക്കാന്‍ മേയര്‍ നിര്‍ദേശം നല്കി. ഇതോടെ 13 സബ്സിഡി സാധനങ്ങളില്‍ നാല് ഇനങ്ങള്‍ മാത്രമാണ് സ്റ്റോറിലുള്ളതെന്ന് വ്യക്തമായി. അരിയും ചെറുപയറും മല്ലിയും വെളിച്ചെണ്ണയും മാത്രമാണ് ഇവിടെയുണ്ടായിരുന്നത്.
ഇതില്‍ വെളിച്ചെണ്ണയ്ക്ക് 141 രൂപയാണ് വില. പൊതുവിപണിയിലെ വിലയേക്കാള്‍ കൂടുതലാണിതെന്നും നാട്ടുകാര്‍ പറഞ്ഞു. ആളുകള്‍ ബഹളം വച്ചതോടെ ഉദ്ഘാടനത്തിന് വിളിച്ചവരെ പ്രതിഷേധം അറിയിച്ചതിന് ശേഷം മേയറും എംഎല്‍എയും മടങ്ങുകയായിരുന്നു.


