തൃശൂർ: കുതിരാനിലെ തുരങ്ക നിർമാണവുമായി ബന്ധപ്പെട്ട് ആശങ്ക നിലനിൽക്കുന്നില്ലെന്നും ആവേശകരമായാണ് അതിൻ്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നതെന്നും റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പറഞ്ഞു. കുതിരാനിലെ തുരങ്ക നിർമാണ പുരോഗതി വിലയിരുത്താൻ സന്ദർശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയോടൊപ്പം ജില്ലാ കലക്ടർ ഹരിത വി കുമാർ, നിർമാണ ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു.
തുരങ്കത്തിൻ്റെ പണികൾ നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും ഇക്കാര്യത്തിൽ സർക്കാർ പൊതുജനാഭിപ്രായവും തേടിയിട്ടുണ്ട്. തുരങ്കത്തിൻ്റെ തുറന്നുകൊടുക്കലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ദിവസവും കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. അതുകൊണ്ടു തന്നെ തുരങ്കം തുറന്നു കൊടുത്താലും ഇത്തരം മോണിറ്ററിങ് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ശാസ്ത്രീയവും സാങ്കേതികവുമായാണ് ഓരോ പ്രവർത്തനങ്ങളും മുന്നോട്ടു പോയിട്ടുള്ളത് അതുകൊണ്ടു തന്നെ തുരങ്ക നിർമാണത്തിൽ അപാകതകൾ ഉണ്ടെന്ന് തോന്നുന്നില്ല. ഡ്രൈനേജ് സംവിധാനം, ഫയർ ആൻറ് സേഫ്റ്റി സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയെല്ലാം കുറ്റമറ്റ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. തുരങ്കത്തിൻ്റെ നിർമാണ പുരോഗതിയുടെ ഭാഗമായി ഇതിൻ്റെ മുകളിലുള്ള മരങ്ങൾ, പാറകൾ എന്നിവ സുരക്ഷിതമാക്കും. വനം വകുപ്പിൻ്റെ അനുമതിയോടെ തന്നെ അവിടെ ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിയ്ക്കാൻ ധാരണയായിട്ടുണ്ട്. മുകളിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് കാര്യത്തിൽ ലംഘനമുണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ മുൻപിൽ എല്ലാ കാര്യങ്ങളും അവതരിപ്പിച്ചാണ് നിർമാണം പുരോഗമിക്കുന്നത്. തുരങ്ക പ്രവൃത്തികളിൽ സ്ഥലമേറ്റെടുക്കലിൻ്റെ ആവശ്യം ഇനിയുണ്ടെങ്കിൽ കലക്ടർ രേഖാമൂലം കത്തു നൽകിയാൽ സർക്കാർ അതു പരിഗണിക്കുമെന്നും റവന്യൂമന്ത്രി പറഞ്ഞു. കൂടാതെ തുരങ്കത്തിൻ്റെ ഫയർ ആൻ്റ് സേഫ്റ്റി പ്രവർത്തനങ്ങളും ഡ്രൈനേജ് സംവിധാനത്തിൻ്റെ പ്രവർത്തനങ്ങളും റവന്യൂ മന്ത്രിയും ജില്ലാ കലക്ടറും നേരിട്ട് വിലയിരുത്തി. പാണഞ്ചേരി പഞ്ചായത്തംഗങ്ങൾ, റവന്യൂ വകുപ്പ്, വനം വകുപ്പ്, ഫയർ ആൻറ് സേഫ്റ്റി ഉദ്യോഗസ്ഥർ തുടങ്ങിയവരും ഉണ്ടായിരുന്നു.


