തൃശൂര്‍: ദിവാന്‍ജിമൂലയില്‍ യുവാവിന് വെട്ടേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം കുര്യാത്തി സ്വദേശി മഹേഷ് ആണ് പിടിയിലായത്.അടുത്തിടെ ജയില്‍ മോചിതരായ കുറ്റവാളികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി വെസ്റ്റ് പൊലീസിന്റെ വലയിലായത്.നടന്നു വരികയായിരുന്ന ആന്ധ്രാ സ്വദേശി ബോയ രാമകൃഷ്ണക്ക് ആണ് വെട്ടേറ്റത്. പിടിച്ചു പറിക്കിടെയാവാം വെട്ട് എന്നാണ് പൊലീസ് കരുതുന്നത്. കഴുത്തിന് വെട്ടേറ്റ ബോയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവം പുറത്തുവന്നതിന് പിന്നാലെ വെസ്റ്റ് പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. സിസി ടിവി ദൃശ്യങ്ങളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ മഹേഷാണ് പ്രതിയെന്ന് പൊലീസ് ഉറപ്പിക്കുകയും ഉടന്‍ തന്നെ നഗരത്തില്‍ നിന്ന് പിടികൂടുകയുമായിരുന്നു. വൈകീട്ടോടെ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.സ്ഥിരം കുറ്റവാളിയാണ് മഹേഷ് (35) എന്ന് പൊലീസ് പറഞ്ഞു. പോക്കറ്റടി, പിടിച്ചു പറി ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.