തൃശൂര്‍: ഹാഷിഷ് ഓയിലുമായി മൂന്ന് തമിഴ്നാട് സ്വദേശികള്‍ പിടിയില്‍. തമിഴ്നാട് കടലൂര്‍, പോണ്ടിച്ചേരി സ്വദേശികളായ ഇവരെ കുന്നംകുളം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറും സംഘവും പിടികൂടിയത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായി അതിമാരക മയക്കുമരുന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്നുള്ള കര്‍ശന പരിശോധനയിലാണ് മൂവരെയും എക്സൈസ് പിടികൂടിയത്. വിപണിയില്‍ 16 ലക്ഷം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത ഓയില്‍.
ജോണ്‍ ഡേവിഡ്, വിഘ്നേഷ്, വിജയ് എന്നിവരെയാണ് കുന്നംകുളം എക്സ്സൈസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാറും പാര്‍ട്ടിയും അറസ്റ്റു ചെയ്തത്. കുന്നംകുളം-പെരുമ്പിലാവ് അന്‍സാര്‍ ഹോസ്പിറ്റല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വെച്ചാണ് 687 ഗ്രാം ഹാഷിഷ് ഓയിലുമായി ഇവരെ പിടികൂടിയത്. സംഭവത്തെക്കുറിച്ച് വിപുലമായ അന്വേഷണം പുരോഗമിക്കുന്നതായി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ നികേഷ് അറിയിച്ചു.


