തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ വീണാ ജോര്‍ജിന്റെ ഓഫീസിനെതിരായ കൈക്കൂലി കേസില്‍ പോലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും.സെക്രട്ടറിയേറ്റ് അനക്സ് ടൂ കെട്ടിടത്തിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങളെ ആശ്രയിച്ച് ആയിരിക്കും ഇനി കേസ് മുന്നോട്ടുപോകുക. മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനായി കോഴ വാങ്ങി എന്ന വിവാദത്തിലാണ് ആള്‍മാറാട്ടം നടന്നിട്ടുണ്ടോ എന്ന ഒരു ദിശയിലേക്ക് കൂടി പോലീസ് അന്വേഷണത്തെ കൊണ്ടുപോകുന്നത്.
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സെക്രട്ടറി അഖില്‍ മാത്യു പണം വാങ്ങി എന്ന് പറയുന്ന ദിവസം എവിടെയായിരുന്നു എന്ന വിവരങ്ങള്‍ ശേഖരിക്കാനായി പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പൊതുഭരണ വകുപ്പില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചാല്‍ അഖില്‍ മാത്യുവിനെതിരെ അന്വേഷണം നടത്തും.
പണം വാങ്ങി എന്നു പറയുന്ന ദിവസം അഖില്‍ മാത്യു പത്തനംതിട്ടയിലാണ് എന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കാഴ്ചയ്ക്ക് പരിമിതി ഉള്ളതായി ഹരിദാസ് തന്നെ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 9,10,11 തീയതികളില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുക.
അതേസമയം ഹരിദാസില്‍ നിന്നും പണം വാങ്ങിയത് ആള്‍മാറാട്ടം നടത്തിയാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. സെക്രട്ടറിയേറ്റിന്റെ അനുബന്ധ കെട്ടിടത്തിന് സമീപത്ത് വെച്ചാണ് അഖില്‍ മാത്യു കൈക്കൂലി വാങ്ങിയതെന്നാണ് പരാതിക്കാരൻ ആയ ഹരിദാസ് പോലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്.ഇതിനോടകം തന്നെ അഖില്‍ മാത്യുവിന്റെ ഫോണ്‍ വിളി വിശദാംശങ്ങളും ബാങ്ക് അക്കൗണ്ടിന്റെ ഡാറ്റകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.