തിരുവനന്തപുരം: കാട്ടാക്കടയില്‍ കത്തെഴുതിവെച്ച് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ കുട്ടിയെ കണ്ടെത്തി. കാട്ടാക്കട ആനക്കോട് സ്വദേശി അനില്‍കുമാറിന്റെ പതിമൂന്നുകാരനായ മകനെ കാട്ടാക്കട- കള്ളിക്കാട് ബസില്‍ യാത്രചെയ്യവേയാണ് കണ്ടെത്തിയത്. ഫ്ലോറിഡയില്‍ പോകാനുള്ള ആഗ്രഹവുമായാണ് വീടു വിട്ടിറങ്ങിയതെന്നു കുട്ടി പൊലീസിനോടു പറഞ്ഞു ഞാന്‍ പോകുന്നു, എന്റെ കളര്‍ പെന്സിലുകള് സുഹൃത്തിനു നല്‍കണം. കത്തെഴുതി വീട്ടില്‍വെച്ച് പുലര്‍ച്ചെയാണ് എട്ടാംക്ലാസുകാരനായ കുട്ടി വീടു വിട്ടിറങ്ങിയത്.
പരിഭ്രാന്തരായ വീട്ടുകാരും നാട്ടുകാരും വീടിനു പരിസരത്തും കാട്ടാക്കടയിലും തിരക്കി. കണ്ടെത്താനാകാത്തതോടെ കാട്ടാക്കട പൊലീസിനെ അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോള്‍ കുടയും ചൂടി പോകുന്നതു കണ്ടു. പിന്നീട് കള്ളിക്കാട്-കാട്ടാക്കട ബസിലെ കണ്ടക്ടറാണ് യാത്ര ചെയ്ത കുട്ടിയെ തിരിച്ചറിഞ്ഞത്. കാട്ടാക്കട പൊലീസെത്തി കുട്ടിയെ സ്റ്റേഷനിലെത്തിച്ചു. കുട്ടിയെ കൗണ്‍സിലിങ്ങിനും വിധേയമാക്കും.