തിരുവനന്തപുരം: സ്മാർട്ട് സിറ്റിയുടെ ഭാഗമായുള്ള റോഡ് നവീകരണം ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ ഇഴഞ്ഞു നീങ്ങുകയാണെന്നും, നഗരസഭയുടെ പ്രവർത്തനങ്ങളില്‍ പോരായ്മയുണ്ടെന്നും മുൻമന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്റെ പ്രസ്തവനയ്ക്കു മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.
കരാറുകാരനെ പുറത്താക്കിയത് ചിലർക്ക് പൊള്ളിയെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. പൊള്ളലേറ്റ് മുറിവുണങ്ങാത്തവർ എന്ത് പറഞ്ഞാലും ജനം വിശ്വസിക്കില്ല. ചില താത്പര്യമുള്ളവർക്ക് കരാറുകാരനെ മാറ്റിയത് ഇഷ്ടപ്പെട്ടില്ല.
ആകാശത്ത് റോഡ് നിർമിച്ച് താഴെ കൊണ്ട് പിടിപ്പിക്കാൻ പറ്റില്ല. റോഡില്‍ തന്നെ നടത്തണം. റോഡ് നവീകരണം നടത്തണമെന്ന് മാത്രമല്ല, എല്ലാം ഒരുമിച്ച് നടത്തണം. ചിലത് നടത്തി ചിലത് നടത്താതെ പോയാല്‍, ഈ റോഡ് എന്തുകൊണ്ട് നന്നാക്കുന്നില്ല എന്നുള്ളതാകും ചർച്ച.
ഇപ്പോള്‍ എല്ലാവരും ചേർന്നു കൊണ്ട് റോഡുകളുടെ നവീകരണ പ്രവർത്തനങ്ങള്‍ നടത്തുന്നു. ഇത് ചിലക്ക് പിടിക്കുന്നില്ല. അതാണ് പ്രശ്നമെന്നും റിയാസ് കൂട്ടിച്ചേർത്തു.
നഗരത്തിലെ വികസന പദ്ധതികള്‍ ഇഴഞ്ഞു നീങ്ങുന്നതും റോഡുകളുടെ ദുരാവസ്ഥമൂലം ജനങ്ങള്‍ ബുദ്ധിമുട്ടിലാകുന്നതും നഗരസഭയുടെ പോരായ്മയാണ് കാണിക്കുന്നതെന്നും കടകംപള്ളി പറഞ്ഞിരുന്നു. നഗരസഭയുടെ വികസന സെമിനാറില്‍ മേയർ ആര്യാ രാജേന്ദ്രനെ വേദിയിലിരുത്തിയായിരുന്നു എംഎല്‍എയുടെ വിമർശനം.


