കൊല്ലം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് വി.എം.സുധീരന്.ചടങ്ങിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ് പൂര്‍ണമായി നിരാകരിക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു.ബാബറി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മിച്ച് ഉദ്ഘാടനം ചെയുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുത്. നെഹ്റുവിന്റെ നയങ്ങളില്‍ നിന്നും കോണ്‍ഗ്രസിന് വ്യതിചലനം ഉണ്ടായി. അത് ഗുണം ചെയ്തില്ല എന്നാണ് വ്യകതമാകുന്നതെന്നും സുധീരൻ പറഞ്ഞു.
നെഹ്റുവും ഇന്ദിരയും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചവരാണ്. ഈ മൂല്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി വേണം കോണ്‍ഗ്രസ് മുന്നോട്ടു പോകാൻ.ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടിയും ചടങ്ങില്‍ പങ്കെടുക്കരുതെന്നും സുധീരൻ കൂട്ടിച്ചേര്‍ത്തു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കരുതെന്നാണ് കേരളഘടകത്തിന്റെ നിലപാടെന്നും ഇത് പാര്‍ട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും മുരളീധരൻ പ്രതികരിച്ചിരുന്നു. എന്നാല്‍ മുരളീധരനെ തള്ളി പിന്നീട് സുധാകരൻ രംഗത്തെത്തിയിരുന്നു.
ഇക്കാര്യത്തില്‍ അഭിപ്രായം ചോദിച്ചാല്‍ നിലപാടറിയിക്കും. കേരളഘടകത്തിന്റെ നിലപാട് എഐസിസിയെ അറിയിച്ചെന്ന കെ.മുരളീധരന്റെ പ്രതികരണത്തേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു സുധാകരന്റെ മറുപടി.


