തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ ജൂലി(40)യെ പോലീസ് അറസ്റ്റ് ചെയ്തു. പരിഹാസം സഹിക്കാനാവാതെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ജൂലിയുടെ പ്രാഥമിക മൊഴി.
12 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചുപോയ ജൂലിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ആ ബന്ധത്തിലാണ് ഗര്‍ഭിണിയായത്. എന്നാല്‍, വിധവയായിരുന്നതിനാല്‍ കുട്ടിയുണ്ടാവുന്നതില്‍ അവര്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടായിരുന്നു. ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരോടും ബന്ധമുണ്ടായിരുന്ന ആളോടും മറച്ചുവെച്ചു. തുടര്‍ന്ന് കുട്ടി ജനിച്ചയുടനെ വായും മുഖവും പൊത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ തന്നെ കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു.
കടലിലൂടെ ഒഴുകിവന്ന മൃതദേഹം എന്ന നിലയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. അന്വേഷണം മുന്നോട്ടുപോകുമ്പോള്‍ ഇതൊരു കൊലപാതകമാണെന്ന് സംശയിക്കുകയും ഒരാളെ ചോദ്യംചെയ്യുകയുമുണ്ടായി. അവര്‍ പക്ഷേ കുറ്റം സമ്മതിച്ചില്ല. ഇതോടെ പോലീസ് മറ്റൊരു വഴിതേടി. ഡോക്ടറാണെന്ന വ്യാജേന സി.ഐ. അവരോട് ഫോണില്‍ സംസാരിച്ചു. ഡോക്ടറാണെന്ന് വിശ്വസിച്ച് അവര്‍ സംസാരിച്ചപ്പോഴുള്ള ഏറ്റുപറച്ചിലിലാണ് പ്രതി ജൂലി തന്നെയാണെന്ന് ഉറപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരോടും ബന്ധമുണ്ടായിരുന്ന ആളോടും മറച്ചുവെച്ചെങ്കിലും തൊട്ടടുത്ത വീട്ടുകളിലുണ്ടായിരുന്നവര്ക്ക് സംശയമുണ്ടായിരുന്നു. അത് അവര്‍ തങ്ങളോട് പങ്കുവെച്ചതോടെയാണ് ജൂലിയിലേക്ക് എത്തിച്ചേരാന്‍ സഹായിച്ചതെന്ന് പോലീസ് അറിയിച്ചു.


