തിരുവനന്തപുരം: അര്‍ച്ചന നടത്താൻ എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പൂജാരിക്ക് എട്ട് വര്‍ഷം കഠിനവതടവ്.മണിയപ്പൻ പിള്ള എന്ന മണി പോറ്റിയെ ആണ് തിരുവനന്തപുരം പോക്സോ കോടതി ശിക്ഷിച്ചത്. ജാതകം നോക്കി തരാം എന്ന വ്യാജേനെ പെണ്‍കുട്ടിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്.2020ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.
അര്‍ച്ചന നടത്താൻ ആദ്യ ദിവസം അമ്മയോടൊപ്പമാണ് കുട്ടി എത്തിയത്. ക്ഷേത്രo അടച്ചതിനാല്‍ തിരിച്ചു പോകുകയും
അടുത്ത ദിവസം പെണ്‍കുട്ടി ക്ഷേത്രത്തില്‍ എത്തുകയുമായിരുന്നു.
മറ്റ് ഭക്തജനങ്ങള്‍ പോകുന്നത് വരെ കുട്ടിയെ പൂജാരി മാറ്റി നിര്‍ത്തി. ശേഷം കുട്ടിയുടെ ജാതകം പരിശോധിക്കാനെന്ന വ്യാജേന പൂജാരി യുടെ മുറിയില്‍ കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയാ യിരുന്നു. കുട്ടി നിലവിളിച്ച് കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രാണിക് ഹീലിംഗ് എന്ന ചികിത്സയാണ് നടത്തി എന്നായിരുന്നു പ്രതിയുടെ വാദം. ഇതിനായി നാഷണല്‍ സ്കില്‍ ഇന്ത്യാ മിഷൻ നല്കിയ ഹിപ്നോട്ടിസം കോഴ്സില്‍ പങ്കെടുക്കുന്നതിന്റെ രേഖ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഈ ക്ലാസ്സുകളില്‍ പങ്കെടുത്തുവെന്ന സര്‍ട്ടിഫിക്കറ്റ് മാത്രമാണെന്നും അല്ലാതെ ഇത് നാഷണല്‍ സ്കില്‍ മിഷൻ നല്കുന്ന അദ്ധ്യാപന സര്‍ട്ടിഫിക്കറ്റല്ലെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.
ക്ഷേത്ര പൂജാരി തന്നെ ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്നും ഇത് അതീവ ഗുരുതരമാണെന്നും കോടതി നിരീക്ഷിച്ചു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍.


