തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികളുടെ എണ്ണം കൂടുകയാണെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയത് വിവാദമാകുന്നു.തദ്ദേശ ജോയിന്റ് ഡയറക്ടര്‍ ഇറക്കിയ ഉത്തരവ് വലിയ വിവാദമായതോടെ പിൻവലിച്ചു. ഉത്തരവിറക്കിയ ഉദ്യോഗസ്ഥയോട് തദ്ദേശ പ്രിൻസിപ്പല്‍ ഡയറക്ടര്‍ വിശദീകരണം തേടുകയും ചെയ്തു.
ബംഗളൂരു സ്വദേശിനിയാണ് ഇത്തരത്തിലൊരു പരാതി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ചത്. ക്രിസ്ത്യന്‍ പളളികളുട എണ്ണം കൂടുന്നത് സംസ്ഥാനത്തിന്റെ സ്വാഭാവികാന്തരീക്ഷത്തിന് മാറ്റം വരുത്തുമെന്നാണ് പരാതിയില്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
ഈ കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശ പ്രിൻസിപ്പല്‍ ഡയറക്ടറുടെ ഓഫീസിന് സര്‍ക്കാര്‍ പരാതി കൈമാറി. തുടര്‍ന്ന് പരാതി ജോയിന്റ് ഡയറക്ടര്‍ക്ക് നല്‍കുകയും അവര്‍ ഈ പരാതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എല്ലാ ജില്ലകളിലേക്കും അയയ്ക്കുകയും ചെയ്തതോടെയാണ് സംഭവം വിവാദമായത്.
നവമാധ്യമങ്ങളടക്കം ചര്‍ച്ച തുടങ്ങിയതോടെ സര്‍ക്കാര്‍ ഉത്തരവ് പിൻവലിച്ചു. ഇത്തരം ഒരു പരാതി ശ്രദ്ധയില്‍പെട്ടില്ലെന്നും അതിനെക്കുറിച്ച് അന്വേഷിക്കുമെന്നും എല്‍സിജിഡി ഡയറക്ടര്‍ രാജമാണിക്യം പറഞ്ഞു.


