തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തും.പരാതിക്കാരനായ അദ്ദേഹത്തില്‍നിന്നും തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് ആകും മൊഴി രേഖപ്പെടുത്തുക.
കഴിഞ്ഞദിവസം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിന്റെ മൊഴി മ്യൂസിയം പോലീസ് രേഖപ്പെടുത്തിയിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ ഒന്നര ലക്ഷത്തോളം വ്യാജ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ച് ഉപയോഗിക്കപ്പെട്ടുവെന്നാണു വിവാദം. കേസില്‍ സൈബര്‍ഡോമും അന്വേഷണം തുടങ്ങി. വ്യാജ കാര്‍ഡ് ഉണ്ടാക്കിയിരിക്കാന്‍ സാധ്യതയുള്ള മൊബൈല്‍ ആപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം.
സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം തുടരുകയാണ്. അഞ്ചുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിറ്റി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ, വ്യാജ തിരിച്ചറയില്‍ കാര്‍ഡിന് പിന്നില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് എംഎല്‍എയാണെന്ന് സുരേന്ദ്രന് ആരോപിച്ചിരുന്നു. ഇതിനെതിരേ ഷാഫി പറമ്ബില്‍ എംഎല്‍എ രംഗത്തവന്നിരുന്നു.
സുരേന്ദ്രന് സീറോ ക്രെഡിബിലിറ്റിയാണെന്നും വാര്‍ത്തയില്‍ ഇടം പിടിക്കാനുള്ള ഇത്തരം അല്പത്തരങ്ങള് ഇനിയെങ്കിലും അവസാനിപ്പിക്കണം എന്നുമായിരുന്നു ഷാഫിയുടെ മറുപടി.