തിരുവനന്തപുരം: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. കൊട്ടിയം പറക്കുളം ഷാന്‍ മന്‍സിലില്‍ ഷൈനു (39), കൊട്ടിയം തഴുത്തല ഷമീര്‍ മന്‍സിലില്‍ അനില്‍(45) എന്നിവരെയാണ് ആറ്റിങ്ങല്‍ പൊലീസ് പിടികൂടിയത്. ആറ്റിങ്ങല്‍ വളക്കാട് സ്വദേശിയായ സലിം നിവാസില്‍ സഫ്ന സലിം എന്നയാളുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സ്ഥിരമായി ബിവറേജിലേക്ക് പോകുന്ന വഴിയിലെ വീട് പൂട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മോഷണം നടത്തുകയായിരുന്നു. 22 പവന് സ്വര്‍ണമാണ് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്.
ആറ്റിങ്ങല്‍, വെഞ്ഞാറമൂട്, കടയ്ക്കാവൂര്‍, ചാത്തന്നൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളില്‍ പ്രതികളാണ് ഇവര്‍. സ്ഥിരമായി വാളക്കാട് ബിവറേജില്‍ വരാറുള്ള പ്രതികള്‍ വാളക്കാട് തേരിമുക്ക് ജംഗ്ഷനിലുള്ള സഫ്ന സലീമിന്റെ വീട് കഴിഞ്ഞ നാല് ദിവസമായി അടഞ്ഞ് കിടക്കുന്നതായി കണ്ടു. ഇതുകൂടാതെ കഴിഞ്ഞ ഒരു മാസത്തിനുളളില്‍ ഈ വീട്ടില്‍ വിവാഹം നടന്നതായും പ്രതികള്‍ മനസിലാക്കി. തുടര്‍ന്ന് മോഷണം നടത്തുകയായിരുന്നു.
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. ആറ്റിങ്ങല്‍ അബ്ദുള്‍ സമദ്, എസ്ഐമാരായ അനൂപ്, അഭിലാഷ്, എഎസ്ഐമാരായ കിരണ്‍കുമാര്‍, രാജീവന്, സിപിഒമാരായ റിയാസ്, രജിത്ത്, നിധിന്, ഷാഡോ ടീം അംഗങ്ങളായ എഎസ് ദിലീപ്, സിപിഒമാരായ വിനീഷ്, സുനില്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


