തിരുവനന്തപുരം: എക്സാലോജിക് കമ്പനിയുടെ പേരില്‍ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. വസ്തുതകളല്ല റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നും ഗോവിന്ദന് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരേ പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. സിപിഎമ്മിനും ഇടത് സര്‍ക്കാരിനുമെതിരെയുള്ള രാഷ്ട്രീയമായ നീക്കമാണിത്. തെരഞ്ഞെടുപ്പ് വരെ ഇത്തരം പല കാര്യങ്ങളും പുറത്തുവരുമെന്നും ഗോവിന്ദന് വിമര്‍ശിച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ സിഎംആര്‍എലില്‍നിന്ന് കോടിക്കണക്കിന് രൂപ വാങ്ങിയിട്ടുണ്ട്. ഇത് ആധായനികുതി തര്‍ക്ക പരിഹാര ബോര്‍ഡ് അംഗീകരിച്ചത് എങ്ങനെയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ അന്വേഷണം വേണ്ടേയെന്നും ഗോവിന്ദന് ചോദിച്ചു.
ഏതന്വേഷണത്തെയും പാര്‍ട്ടി ഭയക്കുന്നില്ല. പിണറായിയെ അപഹസിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ തങ്ങള്‍ പ്രതിരോധിക്കും. കരുവന്നൂര്‍ കേസില്‍ രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ് ഒന്നാം പ്രതിയെ മാപ്പുസാക്ഷിയാക്കിയത്.
സ്വര്‍ണക്കടത്തുകേസിലും സമാനമായ കാര്യമാണ് നടന്നത്. സ്വപ്നാ സുരേഷിനെ മാപ്പുസാക്ഷിയാക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും ഗോവിന്ദന് ആരോപിച്ചു.
ബിനീഷ് കോടിയേരിയുടെ കേസും വീണാ വിജയന് ഉള്‍പ്പെട്ട കേസും രണ്ടാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഗോവിന്ദന് പറഞ്ഞു. മകനെന്ന നിലയില്‍ ഒരു ആനുകൂല്യവും നല്‍കേണ്ടെന്ന് അന്ന് കോടിയേരി നിലപാടെടുത്തിരുന്നെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.