തിരുവനന്തപുരം: നവകേരളത്തിന് ആള് വേണം കണ്ണില്‍ പൊടിയിടാന്‍ ക്ഷേമപെന്ഷന് ഇന്നുമുതല്‍ വിതരണം ചെയ്യും. സംസ്ഥാനത്ത് നാലുമാസമായി മുടങ്ങിക്കിടന്ന ക്ഷേമപെന്ഷന് ഇന്നുമുതല്‍ വിതരണം ചെയ്യും. വിതരണത്തിനായി 684 കോടി 29 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. നവംബര്‍ 26നകം വിതരണം പൂര്‍ത്തിയാക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഒരു മാസത്തെ കുടിശികയാണ് വിതരണം ചെയ്യുന്നത്. 6400 രൂപയോളം ആളാംപ്രതി കിട്ടാനുണ്ടെന്നാണ് കണക്ക്. പെന്ഷന് മുടങ്ങിയതോടെ മരുന്ന് വാങ്ങുന്നതടക്കം മുടങ്ങി ആയിരങ്ങള്‍ ദുരിതത്തിലായ്തിരുന്നു. നവകേരള സദസ് നാളെ തുടങ്ങാനിരിക്കെയാണ് ക്ഷേമപെന്ഷന് വിതരണത്തിന് ഉത്തരവിറങ്ങിയിരിക്കുന്നത്.
നവംബര്‍ എട്ടിന് ഒരു മാസത്തെ കുടിശിക നല്‍കുമെന്നായിരുന്നു ധനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തുക സമാഹരിക്കാനാകാതെ വന്നതോടെ മസ്റ്ററിങ് പൂര്‍ത്തിയാകാത്തതിനാലാണ് വിതരണം നടക്കാത്തതെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണം. 51 ലക്ഷത്തോളം പേരാണ് ക്ഷേമപെന്ഷന് അര്ഹരായിട്ടുള്ളതെന്നാണ് മസ്റ്ററിങിന് പിന്നാലെ തദ്ദേശമന്ത്രി വ്യക്തമാക്കിയത്.


