തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനി എക്സാലോജിക്കിന്റെ പ്രവര്‍ത്തനത്തില്‍ ദുരൂഹത തോന്നുന്നതുകൊണ്ടാവാം കൂടുതല്‍ അന്വേഷണങ്ങളിലേക്ക് ഏജന്‍സികള്‍ കടക്കുന്നതെന്ന് മാത്യൂ കുഴല്നാടന് എംഎല്‍എ പറഞ്ഞു. വീണയ്ക്കായി പ്രതിരോധം തീര്‍ത്ത സിപിഎമ്മിന് ഇപ്പോള്‍ എന്താണ് പറയാന്‍ ഉള്ളതെന്ന് എംഎല്‍എ ചോദിച്ചു. ക്രമക്കേടുകള്‍ക്ക് വ്യവസായവകുപ്പ് കൂട്ടുനിന്നതായി അനുമാനിക്കണം. പി.രാജീവും മറുപടി പറയണം. കേന്ദ്ര അന്വേഷണത്തില്‍ അമിതാവേശമില്ലെന്നും കുഴല്നാടന് പറഞ്ഞു. കമ്പനിക്കെതിരെ നിരവധി ആരോപണങ്ങളുമായി മാത്യു കുഴല്നാടന് നേരത്തെ രംഗത്തെതിയിരുന്നു.
എക്സാലോജിക്കിനെതിരെ കേന്ദ്ര കോര്‍പറേറ്റ് കാര്യമന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സിഎംആര്‍എലും കെഎസ്ഐഡിസിയും അന്വേഷണ പരിധിയിലുണ്ട്. രാഷ്ട്രീയ- ട്രേഡ് യൂണിയന് നേതാക്കള്‍ക്കും ഉദ്യോഗസ്ഥ മേധാവികള്‍ക്കും 135 കോടി രൂപ നിയമവിരുദ്ധമായി കൈമാറിയെന്ന ആദായ നികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിനെത്തുടര്‍ന്ന് സിഎംആര്‍എലിനും കെഎസ്ഐഡിസിക്കും കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. കമ്പനികാര്യ റജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഡപ്യൂട്ടി റജിസ്ട്രാര്‍ ബി.എസ് വരുണ്‍, ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം ശങ്കര നാരായണ്‍, റിജസ്ട്രാര്‍ എ ഗോകുല്‍നാഥ് എന്നിവര്‍ പരിശോധിക്കും. നാല് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം.