തിരുവനന്തപുരം: യുവഗായകനും റേഡിയോ ജോക്കിയുമായ രാജേഷിന്റെ കൊലപാതക കേസിലെ മുഖ്യപ്രതി അലിഭായി എന്ന് വിളിക്കുന്ന മുഹമ്മദ് താലിഫ് കുറ്റം സമ്മതിച്ചു. തന്റെ സുഹൃത്തായ അബ്ദുള്‍ സത്താറിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് അലിഭായ് പറഞ്ഞു. രാജേഷുമായി ബന്ധമുണ്ടായിരുന്ന വിദേശത്തുള്ള യുവതിയുടെ ഭര്‍ത്താവാണ് അബ്ദുള്‍ സത്താര്‍.
കുടുംബ ജീവിതം തകര്‍ത്തതാണ് കൊലപാതക കാരണമെന്നും അലിഭായി പോലീസന് മൊഴി നല്കി. ക്വട്ടേഷനായിട്ടല്ല ജോലി നല്കിയ സത്താറിനോടുള്ള നന്ദിയെന്ന നിലയിലാണ് കൃത്യം ചെയ്തത്. കൊലപാതകം സംബന്ധിച്ച എല്ലാ വിവരങ്ങളും സത്താറിന് അറിയാമായിരുന്നു. കൃത്യം നടത്താനായി നാട്ടിലേക്കുള്ള വിമാന ടിക്കറ്റിനായി പണം നല്‍കിയത് സത്താറാണ്. സുഹുത്തായ അപ്പുണ്ണിയുടെ സഹായത്തോടെയാണ് മറ്റ് കാര്യങ്ങള്‍ ആസൂത്രണം ചെയ്തതെന്നും കൊലയ്ക്ക് ശേഷം കൊല്ലത്ത് ആയുധം ഉപേക്ഷിച്ചതായും അലിഭായിയുടെ മൊഴിയില്‍ പറയുന്നു. അലിഭായിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് ഇന്ന് തന്നെ തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന.
ചൊവ്വാഴ്ച രാവിലെയായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അലിഭായിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് നാല് പേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത്.കൊലപാതകം നടത്താനായി രഹസ്യമായി നാട്ടിലെത്തിയ അലിഭായ് കൃത്യം നടത്തിയ ശേഷം നേപ്പാള്‍ വഴിയായിരുന്നു രക്ഷപ്പെട്ടത്. മടവൂരിലെ സ്റ്റുഡിയോയിലെത്തി രാജേഷിനെ കൊലപ്പെടുത്തിയ സംഘത്തില്‍ അലിഭായിയും ഉണ്ടായിരുന്നു. മൂന്നംഗ സംഘത്തിലെ അപ്പുണ്ണി രാജേഷിനെ പിടിച്ചു നിര്‍ത്തുകയും അലിഭായിയും ഷന്‍സീറും ചേര്‍ന്ന് വെട്ടുകയുമായിരുന്നു.
രാജേഷിന്റെ തന്നെ ഉടമസ്ഥതയിലുള്ള മടവൂരിലെ സ്റ്റുഡിയോയില്‍ വെച്ച് കഴിഞ്ഞ മാസം 27 നാണ് രാജേഷ് കൊല്ലപ്പെട്ടത്. കയ്യിലും കാലിലുമായി പതിനഞ്ചു വെട്ടായിരുന്നു ഉണ്ടായിരുന്നത്. രക്തം വാര്‍ന്നായിരുന്നു മരണം സംഭവിച്ചത്.