തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശത്തിന് ചരട് വലിച്ചത് കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ തന്നെയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി.
വേണുഗോപാല്‍. ഇക്കാര്യത്തില്‍ തെളിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുമായുള്ള ഇടപാടുകള്‍ക്ക് പിണറായി വിജയന് ഡല്‍ഹിയില്‍ സ്ഥിരം സംവിധാനമുണ്ടെന്നും കേസുകളില്‍ ഉള്‍പ്പടെ ചിലര്‍ സഹായിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. താൻ ആലപ്പുഴയില്‍ മത്സരിക്കാന്‍ ആദ്യം നിര്‍ദേശിച്ചത് രമേശ് ചെന്നിത്തലയാണ്. ദേശീയ ചുമതലയില്‍ തുടര്‍ന്ന് കൊണ്ട് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, പത്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കാന്‍ ചരടുവലിച്ചത് മുന്‍ ഡിജിപി കൂടിയായ ലോക്നാഥ് ബെഹ്റയെന്ന് കെ. മുരളീധരന് ആരോപിച്ചിരുന്നു. ബെഹ്റയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും നല്ല ബന്ധമാണുള്ളത്.
കൊച്ചി സിറ്റി പോലീസ് കമീഷണറായിരുന്ന കാലം മുതല്‍ തന്റെ കുടുംബവുമായി ബെഹ്റയ്ക്ക് ബന്ധമുണ്ട്. ഈ ബന്ധം ബിജെപിക്കാര്‍ ഉപയോഗിച്ച് കാണുമെന്നും മുരളീധരന് പറഞ്ഞിരുന്നു.