തിരുവനന്തപുരം: പിഎസ്സി പരീക്ഷ ആള്‍മാറാട്ടക്കേസില്‍ സഹോദരങ്ങള്‍ കീഴടങ്ങി. അഖില്‍ജിത്തും അമല്‍ജിത്തുമാണ് കീഴടങ്ങിയത്.കോടതിയില്‍ കീഴടങ്ങിയ പ്രതികളെ റിമാൻഡ് ചെയ്തു.അമല്‍ജിത്തിനായി പരീക്ഷ എഴുതിയത് സഹോദരന് അഖില്‍ജിത്ത് ആണെന്നാണ് പോലീസ് നിഗമനം. സഹോദരങ്ങള്‍ ഒരുമിച്ചാണ് പരീക്ഷയ്ക്ക് വേണ്ട തയാറെടുപ്പുകള്‍ നടത്തിയിരുന്നത്.
ഇളയ സഹോദരന് അഖില്‍ജിത്ത് മുമ്ബ് ഫയര്‍ഫോഴ്സ്, പോലീസ് പരീക്ഷകള്‍ പാസായെങ്കിലും ഫിസിക്കല്‍ ടെസ്റ്റില്‍ ഔട്ടാവുകയായിരുന്നു. ഈ സാഹചര്യത്തില്‍ അമല്‍ജിത്തിനെ സഹായിക്കാന്‍ ഇയാള്‍ പകരം പരീക്ഷ എഴുതുകയായിരുന്നെന്നാണ് നിഗമനം.
കഴിഞ്ഞ ബുധനാഴ്ചയാണ് പൂജപ്പുരയിലെ പരീക്ഷ സെന്ററില്‍വച്ചാണ് ബയോമെട്രിക് പരിശോധനയ്ക്കിടെ ഒരാള്‍ ഹാളില്‍നിന്ന് ഇറങ്ങിയോടിയത്. പരീക്ഷ എഴുതേണ്ടയാള് നേമം സ്വദേശി അമല്‍ജിത്തായിരുന്നു എന്ന് പോലീസ് കണ്ടെത്തി.
സ്കൂളിന്റെ മതില്‍ചാടി രക്ഷപ്പെട്ടയാള്‍ മറ്റൊരു യുവാവിനൊപ്പം ബൈക്കില്‍ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഈ ബൈക്ക് അമല്‍ജിത്തിന്റേതാണെന്നും പിന്നീട് പോലീസ് കണ്ടെത്തുകയായിരുന്നു.