തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്.
പാലക്കാട്ടും കണ്ണൂരും പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.
പാലക്കാട് ടൗണ്‍ സ്റ്റേഷനിലേക്കുള്ള മാര്‍ച്ച് പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി.
പിന്നീട് സംസ്ഥാനപാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ ഇവിടെനിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജയഘോഷ് ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്.
കണ്ണൂര്‍ കാള്‍ടെക്സ് ജംഗ്ഷനില്‍ ദേശീയ പാത ഉപരോധിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിനിടെ പോലീസും പ്രവര്‍ത്തരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
റോഡില്‍ കിടന്ന് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവരെ പോലീസ് ഇവിടെനിന്ന് കസ്റ്റഡിയിലെടുത്ത് നീക്കി. ഇതിന് പിന്നാലെ ഇവിടെയുണ്ടായിരുന്ന പ്രവര്‍ത്തകര്‍ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.കായംകുളത്ത് കെപി റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊല്ലം ചന്ദനത്തോപ്പില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
തൃശൂരില്‍ കോര്പറേഷന് ഓഫീസിന് മുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്കും പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തരും പ്രതിഷേധിച്ചു. ആന്റോ ആന്റണി എംപി അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് ഇവിടെ മാര്‍ച്ച് നടന്നത്.


