തിരുവനന്തപുരം: കെ.എം മാണിയെ അപമാനിച്ച മുന്നണിയില്‍ തുടരണമോയെന്ന് ജോസ് കെ മാണി തീരുമാനിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ജോസിന്റെ തീരുമാനം എന്തെന്ന് അറിയാന്‍ കേരളം കാത്തിരിക്കുകയാണെന്നും കേരള കോണ്‍ഗ്രസിന് കെ എം മാണിയോട് ആദരവും ബഹുമാനവുമുണ്ടെങ്കില്‍ അവര്‍ രാഷ്ട്രീയ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് കേരള കോണ്‍ഗ്രസിനെ പുറത്താക്കിയതല്ല. അവര്‍ സ്വയം പുറത്തേക്ക് പോയതാണ്. കൂടെ നിര്‍ത്തിയിട്ട് കെ. എം മാണിയെ അപമാനിക്കുന്ന സമീപനമാണ് സി പി എം സ്വീകരിച്ചത്. മാണി അഴിമതിക്കാരനാണെന്നും അദ്ദേഹത്തിന്റെ കുടുംബം മുഴുവന്‍ അഴിമതിക്കാരെകൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും വീട്ടില്‍ നോട്ടെണ്ണുന്ന മെഷീനുണ്ടെന്നും പറഞ്ഞവരാണ് സി പി എമ്മെന്നും സതീശന് ഓര്‍മ്മിപ്പിച്ചു.
വിജയരാഘവന് പറഞ്ഞത് യു ഡി എഫ് സര്‍ക്കാര്‍ അഴിമതി നടത്തിയെന്നാണ്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയേയോ ആ മന്ത്രിസഭയിലെ വേറെ മന്ത്രിമാരെയോ എല്‍ ഡി എഫ് തടഞ്ഞിട്ടില്ല. പക്ഷെ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ വന്ന കെ എം മാണിയെയാണ് അവര്‍ തടഞ്ഞതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.