കൊവിഡ് പ്രതിസന്ധയില്‍ ഭക്ഷ്യക്ഷാമം ഒഴിവാക്കാനായി സര്‍ക്കാര്‍ സ്ഥാപിച്ച കമ്യൂണിറ്റി കിച്ചനിലും കൊള്ള. നെടുമങ്ങാട് കമ്മൂണിറ്റി കിച്ചണില്‍ നിന്നും മിച്ചം വന്ന 37 ചാക്ക് അരിയും മറ്റ് ഭക്ഷ്യ വസ്തുക്കളും പ്രദേശത്തെ കോണ്‍ഗ്രസ് പഞ്ചായത്തംഗങ്ങള്‍ തങ്ങളുടെ വീടുകളിലേക്ക് കടത്തി. ആനാട് പഞ്ചായത്ത് ഭരണസമിതിയിലെ 4 കോണ്‍ഗ്രസ് അംഗങ്ങളാണ് അരി കടത്തിയത്. അംഗങ്ങള്‍ക്കും സാധനം കടത്താന്‍ ഉപയോഗിച്ച വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ആനാട് സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ സൂക്ഷിച്ചിരുന്ന അരിയും സാധനങ്ങളുമാണ് വ്യാഴാഴ്ച ഉച്ചയോടെ സ്കൂള്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് ഇവര്‍ കടത്തിയത്. പഞ്ചായത്തംഗങ്ങളായ അക്ബര്‍ഷാ, വിജയരാജ്, പ്രഭ, സിന്ധു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അക്ബര്‍ഷായുടെ ഓമ്നി വാനിലും ഓട്ടോറിക്ഷകളിലുമായിരുന്നു അരിക്കടത്ത്. ഇതില്‍ രണ്ട് ചാക്ക് അരി വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ പിന്നീട് കണ്ടെത്തി. സ്കൂളിലെ പമ്പുസെറ്റ് ഘടിപ്പിച്ചിരിക്കുന്ന മുറിയിലാണ് മിച്ചംവന്ന അരിയും സാധനങ്ങളും സൂക്ഷിച്ചിരുന്നത്. 58 ചാക്ക് അരിയും പയറുള്പ്പടെയുള്ള അനുബന്ധ സാധനങ്ങളും ഉണ്ടായിരുന്നു.
വ്യാഴാഴ്ച അക്ബര്‍ഷായുടെ നേതൃത്വത്തില്‍ സ്കൂളിലെത്തി പമ്പു സെറ്റ് പരിശോധിക്കാനെന്ന വ്യാജേന മുറിയില്‍നിന്ന് അരിയും സാധനങ്ങളും കടത്തുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പ്രധാനാധ്യാപിക നാട്ടുകാരെയും പിടിഎ ഭാരവാഹികളെയും വിവരം അറിയിച്ചു. തുടര്‍ന്ന് സിപിഐ എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഓട്ടോറിക്ഷ തടയുകയും തുടര്‍ന്നുള്ള കടത്തല്‍ തടയുകയും ചെയ്തു. അപ്പോഴേക്കും 37 ചാക്ക് അരി കടത്തിക്കഴിഞ്ഞിരുന്നു. സ്കൂളില്‍ ഇനി 21 ചാക്ക് അരി മാത്രമേ ഉള്ളൂ. മിച്ചംവന്ന സാധനങ്ങള്‍ സ്കൂളിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് നല്‍കണമെന്ന് കാട്ടി ഏതാനും ദിവസംമുമ്പ് പഞ്ചായത്തിന് അപേക്ഷ നല്‍കിയിരുന്നു. ഇത് പഞ്ചായത്ത് കോണ്‍ഗ്രസ് ഭരണസമിതി പരിഗണിച്ചില്ല. അതിനിടെയാണ് മോഷണം. വലിയമല സിഐയും നെടുമങ്ങാട് എസ്ഐയും സ്ഥലത്തെത്തിയിരുന്നു.


