പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും മികച്ച കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കുള്ള ഒന്നാം സ്ഥാനം വീണ്ടും കരസ്ഥമാക്കി പത്തനംതിട്ട. ഒരു ദിവസം ശരാശരി പത്ത് ലക്ഷം രൂപയോളമാണ് പത്തനം തിട്ട ഡിപ്പോയില്‍ നിന്നും ലഭിക്കുന്ന വരുമാനം. ഒരു മാസം ശരാശരി മൂന്നര കോടിയുടെ വരുമാനമാണ് പത്തനംതിട്ട ഡിപ്പോയ്ക്കുള്ളത്. വരുമാനവും സര്‍വീസ് കാര്യക്ഷമമയ് നടത്തുന്നതുമാണ് പത്തനംതിട്ട ഡിപ്പോയെ സംസ്ഥാനത്തെ ഏറ്റവും മികച്ച കെഎസ്ആര്‍ടിസി ഡിപ്പോ എന്ന ബഹുമതിയിലേക്ക് എത്തിച്ചത്. രണ്ടാം തവണയാണ് പത്തനംതിട്ട ഡിപ്പോയ്ക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നത്.
ജീവനക്കാര്‍ തമ്മിലുള്ള ഒരുമയും സര്‍വീസുകള്‍ കൃത്യ സമയത്ത് ഓപ്പറേറ്റ് ചെയ്യുന്നതുമാണ് ഡിപ്പോയെ ഈ പുരസ്കാരം നേടുന്നതിലേക്ക് എത്തിച്ചതെന്ന് പത്തനംതിട്ട ഡിറ്റിഒ തോമസ് മാത്യു പറഞ്ഞു. ഡിപോയില്‍ 67 ബസുകളാണ് ആകെ സര്‍വീസ് നടത്തുന്നത്. ഒരു ദിവസം നടത്തുന്നത് 60 സര്‍വീസുകളാണ്. രാവിലെയുള്ള പത്തനംതിട്ട കോയമ്പത്തൂര്‍ സര്‍വീസിനാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത്. മികച്ച ഡിപ്പോയ്ക്കുള്ള പുരസ്കാരം കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ആന്റണി രാജുവില്‍ നിന്നും ഡിറ്റിഒ തോമസ് മാത്യു ഏറ്റു വാങ്ങി.