ശബരിമല: ശബരിമലയിലേക്ക് എത്തുന്ന ഭക്തരെ പരിധിവിട്ട് തടയാനാവില്ലെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. രജിസ്റ്റര്‍ ചെയ്യാതെയും നിരവധി ഭക്തര്‍ എത്തുന്നുണ്ട്.എല്ലാവരെയും പതിനെട്ടാംപടി കടത്തിയേ മതിയാകൂ. അപ്പോള്‍ ചില സ്വാഭാവിക നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നും അത് ഭക്തരും മാധ്യമങ്ങളും മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രതീക്ഷിക്കുന്നതിനപ്പുറത്തേക്ക് ഭക്തര്‍ വന്നുകൊണ്ടിരിക്കുകയാണ്. ഒരുലക്ഷത്തിലധികം ആളുകള്‍ എത്തുമ്ബോള്‍ എത്രശ്രമിച്ചാലും 80,000 ലധികം പേരെ കയറ്റുകയെന്നത് വളരെ പ്രയാസമാണ്. തിരക്ക് വരുമെന്ന് മുൻകൂട്ടി കണ്ട് എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നതാണ്. അതിനപ്പുറത്തേക്ക് വരുമ്ബോള്‍ അതിനെ തരണം ചെയ്യാൻ സംവിധാനങ്ങളുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭക്തര്‍ പല സ്ഥലങ്ങളില്‍ നിന്നുമെത്തുന്നു. എണ്ണം കൂടിയാല്‍ അതിനെ എങ്ങനെ നമുക്ക് നിയന്ത്രിക്കാനാകും. അപ്പോള്‍ കുറച്ച് കാത്തുനില്‍ക്കേണ്ടിവരും. അത് ഇതിന്റെ ഭാഗമാണ്. അത് ഭക്തരും മാധ്യമങ്ങളും മനസിലാക്കണം. ഇനിയുള്ള സാഹചര്യം കൂടി നോക്കിയ ശേഷം ഭക്തരുടെ എണ്ണം വീണ്ടും നിയന്ത്രിക്കുന്ന കാര്യം തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു.


