പത്തനംതിട്ട: റാന്നിയില്‍ ചക്ക വേവിച്ചു കൊടുക്കാത്തതിന്റെ പേരില്‍ അമ്മയെ ക്രൂരമായി മര്‍ദിച്ച് യുവാവ്. തട്ടയ്ക്കാട് സ്വദേശിനിയായ സരോജിനിക്കാണ് (65) മര്‍ദനമേറ്റത്.ഇവരുടെ ഇരുകൈകളും തല്ലിയൊടിച്ചു. തലയ്ക്കും നടുവിനും പരിക്കേറ്റ സരോജിനി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മകൻ വിജേഷിനെ (36) പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയില്‍ ചക്കയുമായി വീട്ടിലെത്തിയ വിജേഷ് ഉടന്‍ തന്നെ അത് വേവിച്ചുതരണമെന്ന് സരോജിനിയോട് ആവശ്യപ്പെട്ടു. എന്നാല്‍ പുല്ലുചെത്തിക്കൊണ്ടിരുന്ന സരോജിനി ഇപ്പോള്‍ കഴിയില്ലെന്ന് മറുപടി പറഞ്ഞു.
ഇതോടെ പ്രകോപിതനായി പുറത്തേക്കുപോയ വിജേഷ് കുറച്ചുകഴിഞ്ഞ് തിരിച്ചെത്തി ഒരു ആഞ്ഞിലിക്കമ്ബ് ഉപയോഗിച്ച് സരോജിനിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇരുകൈകള്‍ക്കും പൊട്ടലുണ്ടായതിനു പുറമേ തലയ്ക്കും നടുവിനും പരിക്കേറ്റു. സരോജിനിയുടെ കരച്ചില് കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.


