പാലക്കാട്: യൂത്ത് കോണ്‍ഗ്രസില്‍ കൂട്ട പിരിച്ചുവിടല്‍. എട്ട് മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടു. വെളളിനേഴി, ഷൊര്‍ണ്ണൂര്‍, പറളി, പാലക്കാട് സൗത്ത്, മേലാര്‍ക്കോട്, വടവന്നൂര്‍, അയിലൂര്‍ മണ്ഡലം കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. ജില്ലാ സമ്മേളനവുമായി സഹകരിക്കാത്തതിലാണ് നടപടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ധനേഷ് ലാലാണ് നടപടി എടുത്തത്. നേരത്തെ അച്ചടക്ക നടപടിയുടെ ഭാഗമായി 26 പ്രവര്‍ത്തകരെ കൂട്ടത്തോടെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയതും വിവാദമായിരുന്നു.
അതേസമയം നേതൃത്വത്തിന്റേത് ഏകപക്ഷീയമായ നടപടിയാണെന്ന് ഒരു വിഭാഗം ആരോപിച്ചു. ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ ഗ്രൂപ്പ് തിരിഞ്ഞാണ് പ്രവര്‍ത്തനം നടത്തുന്നത്. സംഘടനയില്‍ മനപൂര്‍വ്വം വിഭാഗീയത സൃഷ്ടിക്കുകയാണ്. പരാതികളില്‍ ചര്‍ച്ച പോലും നടത്താതെയുള്ള സംസ്ഥാന കമ്മിറ്റിയുടെ നടപടി അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആരോപിച്ചു. ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ സംഘടനയ്ക്ക് ദോഷം മാത്രമേ ഉണ്ടാക്കൂവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും കെപിസിസി സോഷ്യല്‍ മീഡിയ കണ്‍വീനറുമായ എ സരിന് നേതൃത്വത്തെ അറിയിച്ചു.
ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ശില്പ എന്‍ എസ്സും രംഗത്തെത്തി. ജില്ലാ സമ്മേളനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് നടന്നത്. സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിത സംഗമം, ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉള്‍പ്പെടെയുളള മുഴുവന്‍ പരിപാടികളും പരാജയമായിരുന്നുവെന്നും ശില്പ എന്‍ എസ് ആരോപിച്ചു.