പാലക്കാട്: പാലക്കാട് ആലത്തൂര്‍ പാടൂര്‍ വേലയ്ക്കിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എന്ന ആന ഇടഞ്ഞു. അപകടത്തില്‍ ആനയുടെ പാപ്പാന് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.ആനയുടെ ഒന്നാം പാപ്പാന് നെന്മാറ കരിമ്പാറ സ്വദേശി രാമന്(63) ആണ് ഗുരുതരമായി പരുക്കേറ്റത്. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാടൂര്‍ തെക്കേകളം സ്വദേശികളായ രാധിക, അനന്യ എന്നിവര്‍ക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാസങ്ങള്‍ നീണ്ട വിലക്കിലായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്.
എഴുന്നള്ളത്തിന് ആനപ്പന്തലില്‍ അണിനിരന്നതിനു ശേഷം ആന മുന്നോട്ട് ഓടി ഏറെ നേരം പരിഭ്രാന്തി പരത്തുകയായിരുന്നു. ഉടന്‍ എലിഫന്റ് സ്ക്വാഡും പാപ്പാന്മാരും ആനയെ തളച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. പിറകില്‍ നിന്നിരുന്ന ആനയുടെ ചിന്നം വിളി കേട്ട് പേടിച്ചാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മുന്നോട്ട് ഓടിയത്.


