കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനെ പ്രശംസിച്ച് രംഗത്തുവന്നതിന് കോണ്‍ഗ്രസ് പുറത്താക്കിയ മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി ടി കെ .അലവിക്കുട്ടി വീണ്ടും സംഘടനക്കെതിരെ രംഗത്തെത്തി. ഫെയ്സ് ബുക്ക് പോസ്റ്റിലാണ് സംഘടനയ്ക്കെതിരെ അലവിക്കുട്ടി പറഞ്ഞത്. പുറത്താക്കിയെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയോട് പരിഭവമില്ലെന്നും, നിങ്ങള്‍ ഇതേ ശൈലിയാണ് തുടരുന്നതെങ്കില്‍ കരുതിയിരിക്കണമെന്നും അലവിക്കുട്ടി പറയുന്നു. ഇതെല്ലാം കഴിഞ്ഞ് നിങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്ന ഒരു ഘട്ടം വരും. അന്ന് ജനങ്ങള്‍ നിങ്ങളോട് ചോദ്യങ്ങളുന്നയിക്കും. എന്റെ നിലപാടായിരുന്നു ശരി എന്ന് അവര്‍ നിങ്ങളെ ബോദ്ധ്യപ്പെടുത്തും. അലവിക്കുട്ടി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഞാനിതെഴുതാനിരിക്കുമ്പോള്‍ ലോകത്താകമാനമായി മൂന്നുലക്ഷത്തി അറുപത്തിയാറായിരം മനുഷ്യര്‍ കോവിഡ് മൂലം മരണപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ദേശീയമാധ്യമങ്ങളില്‍ കൂട്ടക്കുഴിമാടങ്ങള്‍ കാണുകയാണ്. മനുഷ്യന്റെ നിസ്സഹായത കാണുകയാണ്. ഉയരുന്ന വിലാപങ്ങള്‍ കണ്ട് മനസ്സും ശരീരവും മരവിച്ചുപോകുന്നു.
ലോകം ദുരന്തഭൂമിയായി മാറുമ്പോള്‍ രാഷ്ട്രീയലാഭങ്ങള്‍ക്കെന്നല്ല, മനുഷ്യന്റെ ഏതൊരു സ്വാര്‍ത്ഥമോഹങ്ങള്‍ക്കും പ്രസക്തിയില്ലാതാകുന്നു. നമ്മള് അന്യോന്യം സ്നേഹിച്ചും സഹകരിച്ചും സഹായിച്ചും ജീവിക്കേണ്ട കാലം. ഈ ഒരു കാലത്ത് നിങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു എന്നും ഏത് വികാരങ്ങള്‍ക്കൊപ്പം നില്ക്കുന്നു എന്നും സ്വയം ബോദ്ധ്യമുണ്ടാകേണ്ടതുണ്ട്. തിരുത്തിയും നവീകരിച്ചും മാനുഷികമൂല്യങ്ങള്‍ മുറുകെപ്പിടിച്ചുമല്ലാതെ നിങ്ങള്‍ക്കീ ദുരന്തത്തെ നേരിടാനാവില്ല.കരളുപറിയുന്ന വേദനയില്‍ ലോകം അലമുറയിടുമ്പോള്‍ കേരളം ആശ്വാസമാകുന്നുണ്ട്. അത് നിലനിന്നുപോകേണ്ടത് ഏതെങ്കിലുമൊരു പാര്‍ട്ടിയുടേയോ സംഘടനയുടേയോ ആവശ്യമല്ല. അതീ നാടിന്റെ ആവശ്യമാണ്. അതിനെ താറുമാറാക്കാന്‍ ആരുശ്രമിച്ചാലും അതിനെ തടയേണ്ടത് ഈ നാടിന്റെ മുഴുവന്‍ കടമയാണ്. ആ കടമ മറന്നിട്ട്, അതെല്ലാം കണ്ടില്ലെന്ന് നടിച്ച് നിശബ്ദനായിരുന്നിട്ട്, എല്ലാം ഒതുങ്ങിക്കഴിയുമ്പോള്‍ രാഷ്ട്രീയക്കാരനെന്ന ലേബലില്‍ ഖദറിട്ട് ഇളിച്ചുകാട്ടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാന്‍ എനിക്ക് കഴിയില്ല. കൂട്ടക്കുഴിമാടങ്ങള്‍ എന്റെ നാട്ടിലും സംഭവിക്കരുതെന്ന ആഗ്രഹത്തില്‍ ഞാന്‍ വിമര്‍ശിച്ചു, സര്‍ക്കാറിനൊപ്പമെന്ന് പറഞ്ഞു. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.
പ്രതിപക്ഷപ്പാര്‍ട്ടിയിലാണെങ്കിലും നമ്മളിങ്ങനെ അന്യോന്യം ചേര്‍ന്നിരിക്കേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടാകുമല്ലോ. അതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. അങ്ങനെയൊരു തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയതില്‍ എനിക്ക് അത്ഭുതമൊന്നുമുണ്ടായില്ല. ഈ ദിവസങ്ങളിലത്രയും സ്വബോധം നഷ്ടപ്പെട്ട രീതിയിലായിരുന്നല്ലോ പാര്‍ട്ടി പ്രവര്‍ത്തിച്ചിരുന്നത്. തിരഞ്ഞെടുപ്പടുക്കുന്നതിനാല് വ്യഗ്രതപ്പെട്ട് എന്തെല്ലാമോ കാട്ടിക്കൂട്ടുന്നു. സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള കത്തില്‍ ആരോപിച്ചത് ഞാന്‍ പാര്‍ട്ടി നയങ്ങള്‍ക്കെതിരായി പ്രവര്‍ത്തിച്ചു എന്നാണ്. നാടിനെ ദുരന്തഭൂമിയാക്കാം എന്നായിരുന്നോ പാര്‍ട്ടീ നയം പ്രതിരോധ പ്രവര്‍ത്തനങ്ങളെ തകിടം മറിക്കലായിരുന്നോ അത്? എങ്കിലാ നയത്തിനെ ഞാന്‍ ചോദ്യം ചെയ്തിട്ടുണ്ട്. അക്കാരണം കൊണ്ട് നിങ്ങള്‍ക്കെന്നെ പുറത്താക്കാം. തെറ്റില്ലായെന്നും വ്യക്തമാക്കിയാണ് അദ്ദേഹത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്.