മലപ്പുറം: സംസ്ഥാനത്ത് പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി ഗോകുല്‍(13) ആണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിക്കുകയായിരുന്നു.
കാലവര്‍ഷം ആരംഭിച്ചതോടെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 69,222 പേര്‍ക്കാണ് പനി ബാധിച്ചത്. ഒരാഴ്ച്ചയ്ക്കിടെ 413 പേര്‍ക്ക് ഡെങ്കിപ്പനിയും 30 പേര്‍ക്ക് എലിപ്പനിയും ഒമ്പത് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു.
4300 പേരാണ് പനിയെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുള്ളത്. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ രോഗങ്ങളെ തുടര്‍ന്ന് 34 പേരാണ് ചികിത്സയില്‍ കഴിയുന്നത്. പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.


