മലപ്പുറം: വീണാ വിജയന്റെ കമ്പനിക്കെതിരായ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ കണ്ടെത്തല്‍ ഗൗരവതരമാണെന്നും സിബിഐയോ ഇഡിയോ അന്വേഷിക്കേണ്ട കേസാണിതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ത്തിന് തയാറാകാത്തതെന്നും സതീശന് ചോദിച്ചു.
വീണ ചെയ്തത് കള്ളപ്പണം വെളുപ്പിക്കലാണെന്നാണ് ആര്‍ഒസിയുടെ കണ്ടെത്തല്‍. എന്നിട്ടും കേന്ദ്രം ഇഡിയെ അന്വേഷണത്തിന് നിയോഗിക്കാത്തതിന് പിന്നില്‍ ഇവര്‍ക്കിടയിലുള്ള ധാരണയാണെന്നും സതീശന് ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും സംഘപരിവാറും തമ്മിലുള്ള ധാരണയിലെ ഇടനിലക്കാരന് കേന്ദ്രമന്ത്രി വി.മുരളീധരനാണ്. സ്വര്‍ണക്കടത്തുകേസിലും ലൈഫ്മിഷന് കേസിലുമെല്ലാം ഈ ധാരണപ്രകാരമാണ് കേന്ദ്രം പ്രവര്‍ത്തിച്ചത്.
ഇതിന് പകരമായാണ് കുഴല്‍പ്പണ ഇടപാടില്‍നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ഒഴിവാക്കിയത്. മോദിയെ കണ്ടപ്പോള്‍ പിണറായി കൈകൂപ്പി നിന്നത് എല്ലാത്തിനുമുള്ള ഉത്തരമാണെന്നും സതീശന് വിമര്‍ശിച്ചു.
കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്തേയ്ക്ക് വന്നാല്‍ അത് കോണ്‍ഗ്രസിന് ക്ഷീണമാകും എന്ന എം.വി.ഗോവിന്ദന്റെ പരാമര്‍ശത്തിനും സതീശന് മറുപടി പറഞ്ഞു. ഇതിന്റെ പേരില്‍ തങ്ങള്‍ക്കുണ്ടാകുന്ന ക്ഷീണം തങ്ങള്‍ സഹിച്ചുകൊള്ളാമെന്ന് സതീശന് പ്രതികരിച്ചു
ആര്‍ഒസിയുടെ കണ്ടെത്തലുകള്‍ തെറ്റാണെങ്കില്‍ ഇതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ എ.കെ.ബാലന് അടക്കമുള്ളവര്‍ തയാറാകണമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.