കൊച്ചി: കുറ്റസമ്മതം നടത്തി എന്നതുകൊണ്ട് ശിക്ഷയില്‍ ഇളവ് നല്കാന് പാടില്ലെന്ന് ഹൈക്കോടതി. ചെയ്ത കുറ്റത്തിന് അനുസൃതമായ ശിക്ഷ ഉറപ്പാക്കിയിരിക്കണമെന്നും ഇക്കാര്യത്തില്‍ സംതുലനം സൂക്ഷിക്കണമെന്നും ജസ്റ്റിസ് പി.സോമരാജന് വ്യക്തമാക്കി. മലപ്പുറം തിരൂര്‍ സ്വദേശി ചെക്കുട്ടി നല്കിയ ഹര്‍ജി പരിഗണിച്ചാണു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
മലപ്പുറം തിരൂര്‍ സ്വദേശി അഷ്റഫ് എന്നയാള്‍ക്കെതിരെ കല്‍പ്പകഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പിഴശിക്ഷ മാത്രം വിധിച്ചത് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. പ്രതിക്ക് കുറ്റസമ്മത മൊഴി ആവശ്യമെങ്കില്‍ പിന്‍വലിക്കാമെന്നും ജൂണ്‍ 10ന് കോടതിയില്‍ വീണ്ടും ഹാജരായി വിചാരണ നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ആക്രമിച്ചു പരുക്കേല്‍പ്പിച്ചെങ്കിലും കുറഞ്ഞ ശിക്ഷ മാത്രമാണ് പ്രതിക്ക് നല്‍കിയത് എന്നു ചൂണ്ടിക്കാട്ടിയാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്. മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ചതും തലയ്ക്കു പരുക്കേറ്റതും ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. അത്തരം കുറ്റങ്ങള്‍ ചെയ്തയാള്‍ കുറ്റസമ്മതം നടത്തി എന്നതു കൊണ്ട് കുറഞ്ഞ ശിക്ഷ നല്കാന് കഴിയില്ല. കുറ്റത്തിന് അനുസൃതമായിരിക്കണം ശിക്ഷയും. വിചാരണ നേരിടാതെ പ്രതി ഏറെക്കാലം ഒളിവിലായിരുന്നു എന്നതും കോടതി ചൂണ്ടിക്കാട്ടി.