കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ പന്തുകളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദില്‍, ആദില്‍ ഹസ്സന് എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലയോടെയായിരുന്നു ഇരുവരെയും കളിക്കുന്നതിനിടെ കാണാതായത്. നീണ്ട മണിക്കൂറുകള്‍ക്കൊടുവിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളയില്‍ പുലിമുട്ട് ഹാര്‍ബറിന് സമീപത്ത് നിന്ന് ആദില്‍ ഹസന്റെ മൃതദേഹം പുലര്‍ച്ചെ 4.45-ഓടെയും മുഹമ്മദ് ആദിലിന്റെ മൃതദേഹം ഇന്നലെ രാത്രി പതിനൊന്നുമണിയോടെയുമാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കോഴിക്കോട് ബീച്ചില്‍ ഫുട്ബോള്‍ കളിക്കാനെത്തിയ അഞ്ചംഗ സംഘത്തിലെ മൂന്ന് കുട്ടികള്‍ തിരയില്‍പ്പെടുകയായിരുന്നു. മുഹമ്മദ് ആദിലിനെയും ആദില്‍ ഹസ്സനെയും തിരയില്‍പ്പെട്ട് കാണാതായി. ഇവര്‍ക്കൊപ്പം തിരിയിലകപ്പെട്ട കുട്ടിയെ സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു.
കുട്ടികളെ കണ്ടെത്തുന്നതിനായി പ്രദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലും രക്ഷാപ്രവര്‍ത്തനത്തിനായി സംഭവസ്ഥലത്തെത്തിയിരുന്നു. ഉള്‍ക്കടലില്‍ ശക്തമായ മഴയുണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.


