കോട്ടയം: കോട്ടയം തിരുവാര്‍പ്പിലെ ബസ് സമരത്തില്‍ തീരുമാനമായില്ല. ഇന്ന് നടന്ന രണ്ടാംഘട്ട അനുരഞ്ജന ചര്‍ച്ചയില്‍ നിന്ന് ബസ് ഉടമ രാജ് മോഹന്‍ ഇറങ്ങിപ്പോയി. രാജ്മോഹനെ പെരുവഴിയില്‍ മര്‍ദിച്ച സി.പി.എം നേതാവ് കെ.ആര്. അജയ് ചര്‍ച്ചയില്‍ പങ്കെടുത്തതാണ് ഇറങ്ങിപ്പോകലിന് കാരണം.
കഴിഞ്ഞ ഞായറാഴ്ച രാജ്മോഹനെ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിം അംഗം കെ.ആര് അജയ് മര്‍ദിച്ചിരുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അജയുമെത്തിയിരുന്നു. എന്നാല്‍, തന്നെ മര്‍ദിച്ച ആള്‍ക്കൊപ്പം ചര്‍ച്ചക്കില്ലെന്ന് വ്യക്തമാക്കി ബസുടമ ഇറങ്ങിപ്പോയി. സി.ഐ.ടി.യുവിന്റേത് നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും തന്നെ ഭീഷണിപ്പെടുത്തി സമ്മതിപ്പിക്കാനുള്ള ശ്രമം ആണെന്നും രാജ്മോഹന്‍ പറഞ്ഞു.
‘പെരുവഴിയില്‍ ആക്രമിച്ച പ്രതിയെ ചര്‍ച്ചയ്ക്ക് കൊണ്ടുവന്ന് മുന്നിലിരുത്തിയിരിക്കുന്നു. അതും കോടതിയലക്ഷ്യ കേസ് നേരിടുന്ന പ്രതിയെ. ഇതാണ് ഇവിടത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനങ്ങള്‍. ലജ്ജിച്ച് തലതാഴ്ത്തണം. ഇന്ത്യാ രാജ്യത്തിന് വേണ്ടി സൈനിക സേവക മെഡലും സ്പെഷ്യല്‍ സര്‍വീസ് മെഡലും വാങ്ങിയ വ്യക്തിയാണ് ഞാന്‍. ആ എനിക്ക് പേടിക്കാന്‍ പറ്റില്ല. മരണംവരെ ഇവിടെ ജീവിക്കും. സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും എല്ലാവര്ക്കും വേണ്ടി ഞാന്‍ പോരാടും’, രാജ് മോഹന്‍ മാധ്യങ്ങളോട് പറഞ്ഞു. രാജ്മോഹന്‍ ചര്‍ച്ച ബഹിഷ്കരിച്ചെങ്കിലും സി.ഐ.ടി.യു. നേതാക്കളും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും തമ്മിലുള്ള ചര്‍ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരവരെ നീണ്ടു.