കോട്ടയം: പാമ്പാടിയില്‍ പ്രസവത്തെ തുടര്‍ന്ന് വൃക്കകള്‍ തകരാറിലായ യുവതി മരിച്ച സംഭവത്തില്‍ ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. മാന്തുരുത്തി സ്വദേശി ആതിര(30) ആണ് മരിച്ചത്. യുവതിയുടെ മരണം ചികിത്സാപ്പിഴവ് മൂലമാണെന്ന് കുടുംബം ആരോപിച്ചു. ഒരു രോഗവും ഇല്ലാതിരുന്ന മകളെ രോഗിയാക്കിയത് കോട്ടയം ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്നുണ്ടായ അണുബാധയാണെന്നും കുടുംബം ആരോപിച്ചു.
ജനുവരി 11നാണ് കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്ക് ആതിര വിധേയയായത്. പിന്നാലെ അണുബാധയുണ്ടായി. തുടര്‍ന്ന് ഇരുവൃക്കകളുടേയും പ്രവര്‍ത്തനം നിലക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് യുവതി മരിക്കുന്നത്.
യുവതിക്ക് അണുബാധയുണ്ടായതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ എങ്ങനെയാണ് അണുബാധയുണ്ടായതെന്ന് അറിയില്ലെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ല എന്നും ആശുപത്രി അധികൃതര്‍ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഡയാലിസിസ് സഹായത്തിലാണ് യുവതി ജീവിച്ചിരുന്നത്. ആതിരയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.