കോട്ടയം: പ്രശസ്ത ഡിക്ടറ്റീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് (പുഷ്പനാഥന്‍ പിള്ള – 80) അന്തരിച്ചു. ഇന്ന് രാവിലെ 9.45ന് മള്ളുശേരിയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കുറെനാളായി വിശ്രമത്തിലായിരുന്നു. സംസ്കാരം പിന്നീട്. അദ്ധ്യാപകനായിരുന്ന കോട്ടയം മള്ളുശേരി ചെറുവള്ളി വീട്ടില്‍ പുഷ്പനാഥന്‍ പിള്ള സര്‍വീസില്‍ നിന്ന് വിരമിച്ചതിനുശേഷമാണ് നോവല്‍ രചനയില്‍ സജീവമായത്. ഇദ്ദേഹത്തിന്റെ മകന് സലിം പുഷ്പനാഥ് കഴിഞ്ഞ മാസം മരിച്ചിരുന്നു.
അപസര്‍പ്പക നോവലുകളിലൂടെയാണ് കോട്ടയം പുഷ്പനാഥ് പ്രശസ്തനായത്. ഇവയില്‍ ഏറെയും പുസ്തകരൂപത്തില്‍ പുറത്തു വന്നവയാണെങ്കിലും ചിലതെല്ലാം വാരികകളില്‍ പരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. ഒരു സ്വകാര്യ കുറ്റാന്വേഷകനായ ഡിറ്റക്ടീവ് മാര്‍ക്സിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഇദ്ദേഹത്തിന്റെ മിക്ക കൃതികളും രചിച്ചിട്ടുള്ളത്. നൂറിലേറെ മാന്ത്രിക ഡിറ്റക്ടീവ് നോവലുകള്‍ രചിച്ചിട്ടുണ്ട്.
ജോലിയില്‍നിന്ന് സ്വയം വിരമിച്ചശേഷം പൂര്‍ണമായും എഴുത്തിന്റെ ലോകത്തായിരുന്നു. ഇദ്ദേഹത്തിന്റെ കൃതികള്‍ തമിഴ്, തെലുങ്ക്, കന്നഡ മുതലായ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി തുടങ്ങിയ കൃതികള്‍ക്ക് ചലച്ചിത്ര ഭാഷ്യമുണ്ടായി.