കൊല്ലം: വന്ദേഭാരത് മൂലം ട്രെയിനുകള്‍ വൈകുന്നില്ലെന്ന റെയില്‍വേയുടെ വാദം പൊള്ളയാണെന്ന് യാത്രക്കാര്‍. ട്രെയിനുകളുടെ അവസാന സ്റ്റേഷനുകളിലെത്തുന്ന ബഫര്‍ സോണ്‍ കൂട്ടിയാണ് ട്രെയിനുകള്‍ വൈകുന്നില്ലെന്ന് റെയില്‍വേ സമര്‍ഥിക്കുന്നതെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇടയ്ക്കുള്ള സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ നല്ല രീതിയില്‍ വൈകാറുണ്ടെന്നും യാത്രക്കാര്‍ പറയുന്നു.വന്ദേഭാരത് ഓടിത്തുടങ്ങിയതുമുതല്‍ ട്രെയിനുകള്‍ വൈകുന്നത് പതിവാണെന്ന് യാത്രക്കാരുടെ സംഘടന ഫ്രണ്ട്സ ഓണ്‍ റെയില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചതുകാരണം ട്രെയിനുകള്‍ വൈകുന്നുവെന്ന മാധ്യമവാര്‍ത്തകള്‍ തള്ളി റെയില്‍വേ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
വന്ദേഭാരതിന് വേണ്ടി രാജധാനി, ജനശതാബ്ദി ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ വൈകുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് റെയില്‍വേ പുറത്തിറക്കിയ പത്രകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ട്രെയിൻ നമ്ബര്‍ 20633/20634 തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് സര്‍വീസ് ആരംഭിച്ചിട്ടും തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസിന്റെ യത്രാസമയം കുറയുകയാണ് ചെയ്തതെന്നും റെയില്‍വേ വിശദീകരിക്കുന്നു. നേരത്തെ 5.15ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടിരുന്ന വേണാട്, വന്ദേഭാരത് വന്നതോടെ 10 മിനിട്ട് വൈകി 5.25നാണ് പുറപ്പെടുന്നത്. എന്നാല്‍ ഷൊര്‍ണൂരില്‍ എത്തുന്ന സമയത്തില്‍ മാറ്റമില്ലെന്നും റെയില്‍വേ ചൂണ്ടിക്കാട്ടുന്നു.
റെയില്‍വേയുടെ ഈ വാദം തെറ്റാണെന്ന് യാത്രക്കാര്‍ പറയുന്നു. 15 മിനിറ്റ് കൊണ്ട് ഓടി എത്തുന്ന വടക്കാഞ്ചേരി – ഷൊര്‍ണൂര്‍ ദൂരത്തിന് 50 മിനിറ്റ് ആണ് ബഫര്‍ സമയം കൊടുത്തിരിക്കുന്നത്. കൊല്ലം മുതല്‍ എറണാകുളം വരെയുള്ള സ്റ്റേഷനുകളില്‍ ഈ ട്രെയിൻ പതിവായി വൈകുന്നതിനെക്കുറിച്ച് റെയില്‍വേയ്ക്ക് ഒന്നും പറയാനില്ലെന്നും യാത്രക്കാര്‍ പറയുന്നു.
ആലപ്പുഴ വഴി കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരതിന് വേണ്ടി എറണാകുളം-ആമ്ബലപ്പുഴ സിംഗിള്‍ ലൈൻ സെക്ഷനില്‍ ആലപ്പുഴ-എറണാകുളം, എറണാകുളം-കായംകുളം എന്നീ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് ക്രോസിങിനായി പിടിച്ചിടാറുള്ളതെന്ന് റെയില്‍വേ പറയുന്നു. ഇതില്‍ ആലപ്പുഴ-എറണാകുളം പാസഞ്ചറിന്റെ പുറപ്പെടുന്ന സമയം മാറ്റിയിട്ടുണ്ട്. ഈ ട്രെയിൻ 20 മിനിട്ട് നേരത്തെ, രാത്രി 7.35ന് എറണാകുളത്ത് എത്തുകയും ചെയ്യും. അതുപോലെ എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ ട്രെയിൻ 20 മിനിട്ട് വൈകി വൈകിട്ട് 6.25ന് പുറപ്പെടുകയും കൃത്യസമയത്ത് ആലപ്പുഴ എത്തുകയും ചെയ്യുമെന്നും റെയില്‍വേ വ്യക്തമാക്കുന്നു.
അതുപോലെ വന്ദേഭാരത് കാരണം കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്തി എക്സ്പ്രസ് വൈകുന്നുവെന്ന വാദവും തെറ്റാണെന്ന് റെയില്‍വേ പറയുന്നു. ചേര്‍ത്തലയിലാണ് ഈ ട്രെയിൻ വന്ദേഭാരതിന് വേണ്ടി പിടിച്ചിടുന്നത്. എന്നാല്‍ ജനശതാബ്തി രാത്രി 9.25ന് തന്നെ തിരുവനന്തപുരത്ത് എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ജനശതാബ്ദി വൈകുന്നുണ്ടെങ്കില്‍ അതിന് കാരണം വന്ദേഭാരത് അല്ലെന്നും റെയില്‍വേ വ്യക്തമാക്കുന്നു. എന്നാല്‍ റെയില്‍വേയുടെ ഈ അവകാശവാദവും യാത്രക്കാര്‍ തള്ളുകയാണ്. ഒരു മണിക്കൂര്‍കൊണ്ട് ഓടിയെത്താവുന്ന കൊല്ലം – തിരുവനന്തപുരം ദൂരം പിന്നിടാണ് രണ്ടു മണിക്കൂര്‍ സമയം കൊടുത്താല്‍ അവസാന സ്റ്റേഷനില്‍ ട്രെയിൻ വൈകില്ലെന്ന് യാത്രക്കാര്‍ പറയുന്നു. എന്നാല്‍ എറണാകുളം പിന്നിട്ട് കൊല്ലം എത്തുന്നതുവരെ ജനശതാബ്ദി വളരെ വൈകിയാണ് ഓടുന്നതെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
റെയില്‍വേയുടെ അഭിമാന സര്‍വീസായ രാജധാനി എക്സ്പ്രസും വന്ദേഭാരതിന് വേണ്ടി പിടിച്ചിടുന്നില്ലെന്ന റെയില്‍വേയുടെ വാദവും യാത്രക്കാര്‍ തള്ളി. ഈ മാസം ഇരിങ്ങാലക്കുട, ചാലക്കുടി, തൃശൂര്‍ സ്റ്റേഷനുകളില്‍ വന്ദേഭാരതിന് വേണ്ടി രാജധാനി പിടിച്ചിട്ടതായി യാത്രക്കാര്‍ പറയുന്നു.
ഇന്ന് തൃശൂര്‍-തിരുവനന്തപുരം റൂട്ടില്‍ വൈകി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകള്‍
1. നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്സ്പ്രസ് -50 മിനിറ്റ് വൈകി ഓടുന്നു
2. തിരുവനന്തപുരം – മുംബൈ ഒരു മണിക്കൂര്‍ വൈകിയോടുന്നു
3. തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസ് 30 മിനിറ്റ് വൈകിയോടുന്നു
4. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് 35 മിനിറ്റ് വൈകിയോടുന്നു
5. എറണാകുളം – ആലപ്പുഴ എക്സ്പ്രസ് ഒരു മണിക്കൂര്‍ വൈകിയോടുന്നു
6. പൂനെ-കന്യാകുമാരി ജയന്തിജനത 30 മിനിറ്റ് വൈകിയോടുന്നു
7. ബംഗളുരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് ഒരു മണിക്കൂര്‍ വൈകിയോടുന്നു
8. തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് 25 മിനിട്ട് വൈകി എറണാകുളം ജങ്ഷൻ പിന്നിട്ടു


