ശൂരനാട് : ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണമഹോത്സവത്തിന് കാര്‍ത്തികപ്പള്ളി, മാവേലിക്കര, കായംകുളം താലൂക്കുകളിലെ 52 കരകളിലെ കെട്ടുത്സവ സമിതികളുടെ നേതൃത്വത്തില്‍ ഒരുക്കം പൂര്‍ണം.
വൈവിധ്യമായ അളവുകളില്‍ ഒരു ജോഡി കാളകളുടെ രൂപങ്ങള്‍ കെട്ടിയുണ്ടാക്കി ആഘോഷപൂര്‍വം എഴുന്നള്ളിച്ച് അതിനെ പടനിലത്ത് നിരത്തുന്ന കെട്ടുത്സവം ഒരു ദേശത്തിന്റെയാകെ സാംസ്കാരിക ചരിത്രവും പൈതൃകവും പേറുന്ന ഉത്സവമാണ്. സ്വര്‍ണം, വെള്ളി തുടങ്ങിയ ലോഹങ്ങളില്‍ തീര്‍ക്കുന്ന ചെറിയ കെട്ടുകാഴ്ചകള്‍ മുതല്‍ മാനം മുട്ടെ ഉയരമുള്ള ഏഷ്യയിലെ ഏറ്റവും വലിയ കെട്ടുകാഴ്ചകള്‍ വരെ ഓച്ചിറയില്‍ അണിനിരക്കും. കരകളിലെ നാനാജാതി മതസ്ഥരും ഒരേ മനസ്സോടെ ഒത്തുചേര്‍ന്ന് നടത്തുന്ന ഓച്ചിറ കെട്ടുത്സവത്തിന് ഓണാട്ടുകരയുടെ കാര്‍ഷിക സംസ്കാരവുമായും സമൃദ്ധിയുമായും ഹൃദ്യമായ ബന്ധമുണ്ട്.
അണിഞ്ഞൊരുങ്ങി വെഞ്ചാമരവും, കുഞ്ചലമാലയും ചാര്‍ത്തി ആര്‍പ്പു വിളികളുടെ ആരവങ്ങളോടെ ജനസാഗരത്തെ സാക്ഷിയാക്കി മാനംമുട്ടെ ഉയരമുള്ള കെട്ടുകാഴ്ചകള്‍ പടനിലത്ത് എത്തുന്നത് മനംകവരുന്ന കാഴ്ചയാണ്. മാബ്രക്കന്നേല് കെട്ടുത്സവ സമിതിയുടെ പടുകൂറ്റൻ കെട്ടുകാഴ്ച ഓണാട്ടുകതിരവൻ, ഞക്കനാല്‍ പടിഞ്ഞാറേക്കരയുടെ കാലഭൈരവൻ, കൊറ്റമ്ബള്ളി കരയുടെ തിരുമുഖവേടൻ, മേമന യുവജന സമിതിയുടെ ഓച്ചിറ ഒന്നാമൻ തുടങ്ങിയ കെട്ടുകാഴ്ചകളെല്ലാം എഴുന്നള്ളത്തിന് സജ്ജമായിക്കഴിഞ്ഞു.


