കാസർകോട് : നവകേരള സദസിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിനായി മഞ്ചേശ്വരത്ത് ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയിലാണ് ഉദ്ഘാടന സദസ് സംഘടിപ്പിക്കുന്നത്. ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാരുടെ സംഘം ഇന്ന് ജില്ലയിലെത്തും. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള പ്രത്യേകം തയ്യാറാക്കിയ ബസും ജില്ലയിലെത്തിക്കും. ഓരോ മണ്ഡലത്തിലും വിപുലമായ ഒരുക്കങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിന് പ്രത്യേക കൗണ്ടർ സൗകര്യമുണ്ടാകും.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒപ്പം ഏകദേശം 120 ഉദ്യോഗസ്ഥരെങ്കിലും സ്ഥിരമായി യാത്രചെയ്യും. അതിന്റെ മൂന്നിരട്ടിയെങ്കിലും ഉദ്യോഗസ്ഥര്‍ ജില്ലാതലത്തിലും നവകേരള സദസിനായി പ്രവര്‍ത്തിക്കും. ഇതിനും പുറമെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസം. ജില്ലാ കലക്ടറുടെ ഉത്തരവുണ്ടെങ്കിലും പ്രതിപക്ഷ സംഘടനകളിലെ ഭൂരിപക്ഷം ജീവനക്കാരും ഉദ്ഘാടന പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാനാണ് സാധ്യത. വിഡിയോ റിപ്പോര്‍ട്ട് കാണാം.