കണ്ണൂര്‍: കൃഷി വകുപ്പ് പണം അടയ്ക്കാത്തതിനാല്‍ കര്ഷക്കുളള സൗജന്യ വൈദ്യുത കണക്ഷനുകള്‍ വിച്ഛേദിക്കാനൊരുങ്ങി കെഎസ്ഇബി.
പണമടച്ചില്ലെങ്കില്‍ ഫ്യൂസൂരുമെന്ന് കാട്ടി കണ്ണൂരിലെ കര്‍ഷകര്‍ക്ക് കെഎസ്ഇബി നോട്ടീസ് നല്കി. വന്‍ തുക കുടിശിക വന്നതോടെയാണ് നടപടി.
ഫണ്ടില്ലാത്തതിനാല്‍ കഴിഞ്ഞ ആറ് മാസത്തോളമായി കൃഷി ഭവനുകള്‍ വഴി പണമടച്ചിട്ടില്ല. കര്‍ഷകര്‍ക്കുള്ള സൗജന്യ വൈദ്യുതി കണക്ഷന് ബില്ലുകളില്‍ നിലവില്‍ ലക്ഷങ്ങളുടെ കുടിശിക ഉണ്ട്.
കണ്ണൂര്‍ തേര്‍ത്തല്ലിയിലെ കര്ഷകന് സേവ്യറിന് 7346 രൂപ ചൊവ്വാഴ്ചക്കുള്ളില്‍ അടയ്ക്കണമെന്ന് കാട്ടിയാണ് നോട്ടീസ് ലഭിച്ചത്. ആലക്കോട്, ചെറുപുഴ, ഉദയഗിരി പ്രദേശത്തുള്ള നൂറുകണക്കിന് കര്‍ഷകര്‍ക്കാണ് സമാന നോട്ടീസ് ലഭിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ പണം നല്‍കിയില്ലെങ്കില്‍ സൗജന്യമായി വൈദ്യുതി നല്‍കാനാവില്ലെന്ന നിലപാടിലാണ് കെഎസ്ഇബി. ഇതോടെ പ്രതിസന്ധിയിലാകുന്നത് കര്‍ഷകരാണ്.


