ഇരിട്ടി: ഉരുപ്പുംകുറ്റിയില്‍ മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ടും പൊലീസും തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തിങ്കളാഴ്ച രാത്രി വീണ്ടും വെടിവെപ്പ് നടന്നിരുന്നു.
പരിശോധനയ്ക്കായി രാത്രി വനത്തില്‍ തുടര്‍ന്ന തണ്ടര്‍ബോര്‍ട്ട് സംഘമാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്.പിന്നാലെ തണ്ടര്‍ബോള്‍ട്ടിന്റെ ഒരു സംഘം കൂടി വനത്തില്‍ തിരച്ചില്‍ ആരംഭിച്ചു.
ഇന്ന് രാവിലെ മുതല്‍ തണ്ടര്‍ബോള്‍ട്ടിന്റെയും തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെയും നേതൃത്വത്തിലുള്ള കൂടുതല്‍ സേനാംഗങ്ങള്‍ വനത്തില്‍ തിരച്ചില്‍ നടത്തും. കഴിഞ്ഞ ദിവസം രണ്ട് തവണയായി മാവോയിസ്റ്റും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നെങ്കിലും മാവോയിസ്റ്റ് സംഘത്തിലെ ആരെയും കസ്റ്റഡിയിലെടു ക്കാന്‍ കഴിഞ്ഞിട്ടില്ല. ഏറ്റുമുട്ടലിന് ശേഷം ഇവര്‍ രക്ഷപ്പെടുകയാണുണ്ടായത്.
അതേസമയം കരിക്കോട്ടക്കരി ഉരുപ്പുംകുറ്റി മേഖലയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ വീണ്ടും വെടിവെയ്പ്പ് നടന്നതായി റിപ്പോര്‍ട്ടുണ്ട്. വെടിയൊച്ചകള്‍ കേട്ടതായി നാട്ടുകാരാണ് പറഞ്ഞത്. ഇന്നലെ രാവിലെയും എട്ടംഗ മാവോയിസ്റ്റ് സംഘം ഈ മേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിനെതിരെ വെടിവെയ്പ്പ് നടത്തിയിരുന്നു. തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ ഭാഗത്ത് നിന്നും പ്രത്യാക്രമണവും ഉണ്ടായിരുന്നു.


